തൃശ്ശൂര്‍: പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ കോടാലിയിലെ പത്തു വയസുകാരന്‍ അനോജിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആധികൃതര്‍ ഇക്കാര്യം അറിയിച്ചത്. അനോജ് കണ്ണ് തുറന്നതായും നിര്‍ദേശങ്ങളോട് പ്രതികരിക്കുന്നതായും ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. എങ്കിലും വെന്റിലേറ്ററില്‍ തുടരുമെന്ന് അങ്കമാലി അഡ്‌ലക്‌സ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇത് കുടുംബത്തിന് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. അനുജന്‍ ആല്‍ജോയുടെ സംസ്‌ക്കാര ചടങ്ങ് നടക്കാനിരിക്കെയാണ് ആശ്വാസ വാര്‍ത്ത കുടുംബത്തെ തേടി എത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് അബോധാവസ്ഥയില്‍ അനോജിനെയും ആല്‍ജോയെയും ആശുപത്രിയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിച്ചതെന്ന് അറിയുന്നത്. അപ്പോഴേക്കും ആല്‍ജോ മരിച്ചിരുന്നു. ഭക്ഷ്യവിഷബാധ എന്ന് കരുതി കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് ആല്‍ജോയുടെ മരണത്തിനിടയാക്കിയത്.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കുട്ടികള്‍ക്ക് വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെടുന്നത്. രാത്രി അവക്കാഡോ ജ്യൂസ് കഴിച്ചതിന്റെ പ്രശ്‌നമാകാം എന്നാണ് മാതാപിതാക്കള്‍ കരുതിയത്. വായില്‍ നിന്ന് നുരയും പതയും വരാന്‍ തുടങ്ങിയതോടെ അഞ്ച് മണിയോടെ മക്കളെയുമെടുത്ത് ബന്ധുക്കള്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. അപ്പോഴാണ് ദേഹത്ത് പാമ്പുകടിച്ചതിന്റെ അടയാളം ഡോക്ടര്‍ കാണുന്നത്. ആശുപത്രിയിലെത്തി മിനിറ്റുകള്‍ക്കകം ആല്‍ജോ മരിച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിലെ തലയണയ്ക്കടിയില്‍ നിന്ന് കണ്ടെത്തി.
ഇന്ന് കിട്ടിയ ആല്‍ജോയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം പാമ്പു കടിച്ചാണെന്നാണ് പറയുന്നത്. പ്രാഥമിക റിപ്പോര്‍ട്ടാണ് കിട്ടിയത്. വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ച കഴിഞ്ഞ് ലഭിക്കും.







