കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിയെ തോക്കുചൂണ്ടി മര്‍ദ്ദിച്ചതായി പരാതി. പൂനൂര്‍ തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദില്‍ഷാ(18)നെയാണ് മര്‍ദ്ദിച്ചത്. ഇതുസംബന്ധിച്ച് ദില്‍ഷാന്‍ പൊലീസില്‍ പരാതി നല്‍കി. പൂനൂര്‍ ചീനിമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ചീനിമുക്കിലെ കടയില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ സുഹൃത്തുക്കളില്‍ ഒരാളായ ലാമിഷിനെ കടയിലുണ്ടായിരുന്ന മറ്റൊരാള്‍ മര്‍ദ്ദിച്ചു.
ഇരുവരെയും ദില്‍ഷാന്‍ പിടിച്ചുമാറ്റി. ഇതില്‍ പ്രകോപിതനായ ഉണ്ണികുളം ഇയ്യാട് സ്വദേശിയും താമരശ്ശേരിയില്‍ ‘ആല്‍ക്കിമിസ്റ്റ്’ എന്ന സ്ഥാപനം നടത്തുന്നയാളുമായ ബാസില്‍ ലത്തീഫ് അരയില്‍ സൂക്ഷിച്ച തോക്കെടുത്ത് ദില്‍ഷാന് നേരെ ചൂണ്ടുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് ദില്‍ഷാന്റെ പരാതിയില്‍ പറയുന്നത്. ആളുകള്‍ കൂടിയതോടെ സംഘം ഓടിമറഞ്ഞു. പിന്നീട് കാറില്‍ സുഹൃത്തിനൊപ്പം താമരശ്ശേരി ഓടക്കുന്നുള്ള വര്‍ക്ക് ഷോപ്പില്‍ ഒരാളെ കാണാനായെത്തിയപ്പോള്‍ താമരശ്ശേരി മിനി ബൈപ്പാസില്‍ വെച്ച് കണ്ട ബാസില്‍ വാഹനത്തിനടുത്തേക്ക് ഓടി വരികയും ആക്രമിക്കുകയുമായിരുന്നുവെന്ന് ദില്‍ഷാന്‍ പരാതിയില്‍ പറയുന്നു.
കാറിന്റെ ഡോര്‍ തുറന്ന് ഇടതു ചെവിക്കും തലയ്ക്കും അടിച്ചു. പിന്നീട് വീട്ടിലെത്തിയ ദില്‍ഷാന്‍ സഹോദരനൊപ്പം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തി ചികിത്സ തേടി. തോക്ക് ചൂണ്ടി ആക്രമണം നടത്തിയ ബാസിലുമായി തനിക്ക് യാതൊരു മുന്‍പരിചയവുമില്ലെന്നാണ് ദില്‍ഷാന്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







