തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വിരുദുനഗറിലെ കട്ടനാര്‍പട്ടി ഗ്രാമത്തിനടുത്തുള്ള വനജ ഫാക്ടറി നിര്‍മാണശാലയിലാണ് സ്‌ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വണ്ണം ചിന്നിച്ചിതറി. സ്‌ഫോടനസമയത്ത് മുപ്പതിലധികം ജീവനക്കാര്‍ ജോലിയിലുണ്ടായിരുന്നു എന്നാണു വിവരം. സ്‌ഫോടന ശബ്ദം കേട്ട ഉടന്‍ ചില ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ശിവകാശി, സാത്തൂര്‍, വിരുതുനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പത്തിലധികം മുറികളുള്ള നിര്‍മാണശാലയുടെ നാല് മുറികള്‍ സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. മുത്തുമാണിക്കം എന്നയാളിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം സാധാരണ ഞായറാഴ്ച പ്രവര്‍ത്തിക്കാറില്ല. എന്നാല്‍ തിരഞ്ഞെടുപ്പു പ്രമാണിച്ച് 23ാം തീയതി അവധി നല്‍കേണ്ടതിനാല്‍ ഇന്ന് പ്രവര്‍ത്തിക്കുകയായിരുന്നു എന്നാണ് സൂചന.

സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ അടിയന്തര സംഘങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. സ്‌ഫോടനം നടന്നപ്പോള്‍ 10 കിലോമീറ്റര്‍ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനത്തിന് പിന്നാലെ മരിച്ചവരുടെ ബന്ധുക്കളെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അനുശോചനം അറിയിച്ചു. മന്ത്രിമാരായ കെ.കെ.എസ്.എസ്.ആര്‍. രാമചന്ദ്രനും തങ്കം തെന്നരസുവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page