കോട്ടയം: യുവതി വീട്ടില്‍ പ്രസവിച്ച നവജാത ശിശു മരിച്ചു. കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ആലുമ്മേല്‍ അനീഷിന്റെ ഭാര്യ കാര്‍ത്തിക (36)യുടെ കുഞ്ഞാണ് മരിച്ചത്. ഇവര്‍ക്കു മറ്റ് നാലു മക്കള്‍ കൂടിയുണ്ട്. യുവതി പ്രസവിച്ച വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇവരുടെ രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ദേഹത്ത് രക്തം പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ട് അനീഷിന്റെ മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കാര്‍ത്തികയെ കട്ടിലില്‍ കാണുന്നത്. തുടര്‍ന്ന് മുട്ടുചിറ എച്ച്.ജി.എം ആശുപത്രിയില്‍ എത്തിച്ചു.
കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോള്‍ വീട്ടിലുണ്ടെന്നായിരുന്നു പറഞ്ഞത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തുണിയില്‍ പൊതിഞ്ഞുവച്ച നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. യുവതി വീട്ടില്‍ പ്രസവിക്കാനിടയായ സാഹചര്യം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. അവശനിലയിലെത്തിയ കാര്‍ത്തികയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കടുത്തുരുത്തി എസ്.എച്ച്.ഒ ഡി. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി അനീഷിന്റെ മൊഴിയെടുത്തു. കാര്‍ത്തിക ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവയ്ക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കി. നവജാതശിശുവിന്റെ മൃതദേഹം മുട്ടുചിറ എച്ച്.ജി.എം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.







