തൃശൂര്‍: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. സഹോദരനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കോടാലി കടമ്പോട് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ആല്‍ജോ എന്ന എട്ടുവയസ്സുകാരനാണ് മരിച്ചത്. സഹോദരന്‍ അനോജ് അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ഗുരുതര നിലയില്‍ കഴിയുകയാണ്.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യ വിഷബാധയാണെന്നാണ് മാതാപിതാക്കള്‍ കരുതിയത്. കുടുംബം ഒരു ചടങ്ങില്‍ പങ്കെടുത്ത് രാത്രിയോടെയാണ് വീട്ടില്‍ എത്തിയത്. തുടര്‍ന്ന് അവക്കാഡോ ജ്യൂസ് കഴിച്ചിരുന്നു. ഇതാകാം ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നായിരുന്നു രക്ഷാക്കള്‍ കരുതിയത്. എന്നാല്‍ ജ്യൂസ് കഴിച്ച തങ്ങള്‍ക്ക് അസ്വസ്ഥത തോന്നിയിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
അല്‍പ സമയം കഴിഞ്ഞതോടെ കുട്ടികളുടെ നില വഷളാകാന്‍ തുടങ്ങി. ഇതോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ എത്തിയപ്പോഴേക്കും കുട്ടികള്‍ അബോധാവസ്ഥയിലായിരുന്നു. പരിശോധിച്ചപ്പോള്‍ ദേഹത്ത് പാമ്പുകടിയേറ്റ പാടുകള്‍ കണ്ടു. തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും ആല്‍ജോ മരിച്ചിരുന്നു.
പിന്നീട് ബന്ധുക്കളും സമീപവാസികളും കുട്ടികള്‍ കിടന്ന മുറി പരിശോധിച്ചപ്പോഴാണ് തലയണയ്ക്കടിയില്‍ ചുരുണ്ടുകൂടി കിടന്നിരുന്ന വെള്ളിക്കെട്ടനെ കാണുന്നത്. പാമ്പിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ആല്‍ജോയുടെ മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.







