വാല്‍പാറ ദുരന്തം; മരിച്ച 9 പേരുടെയും പൊതുദര്‍ശനം അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍; വിട നല്‍കാന്‍ എത്തിയത് നൂറുകണക്കിനാളുകള്‍

പൊള്ളാച്ചി / മലപ്പുറം: വാല്‍പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതു പേരുടെയും മൃതദേഹങ്ങള്‍ പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. നൂറു കണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒന്നു കാണാന്‍ എത്തിയത്. പലരും ദു:ഖം അടക്കാനാകാതെ വിങ്ങിപ്പൊട്ടി. പൊതുദര്‍ശനത്തിനുശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും. മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെ ഉള്ളവര്‍ സ്‌കൂളിലെത്തി മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ചു. ദൂര സ്ഥലങ്ങളില്‍ നിന്നുപോലും നിരവധി പേര്‍ എത്തിയിട്ടുണ്ട്.

പാങ്ങ് പള്ളിപ്പറമ്പ് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ വെള്ളിയാഴ്ച വൈകിട്ട് 5.20 ന് ആണ് വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. നാട്ടിലേക്ക് മടങ്ങുന്നതിനിടെ ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്‌മേല്‍ മറിഞ്ഞ് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തല്‍മണ്ണയില്‍ നിന്ന് വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവര്‍ ഉള്‍പ്പെടെ13 പേര്‍ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്.

മലപ്പുറം പുലാമന്തോള്‍ സ്വദേശിയും പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാന അധ്യാപികയുമായ അജിത (54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല (52), സുഹറ (43), ആശ (41), അധ്യാപകനായ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), സ്‌കൂളിലെ ബസ് ഡ്രൈവര്‍ നൗഷാദ് (39), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത (45) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തില്‍ മരിച്ച അധ്യാപിക സുഹറയുടെ മകന്‍ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിയ ശേഷം മരിച്ചു.

അപകടത്തില്‍ മരിച്ച പാചകത്തൊഴിലാളിയായ സാജിതയുടെ മകന്‍ ഷഹദീന്‍ മുഹമ്മദ്(11), സ്‌കൂള്‍ ഡ്രൈവര്‍ കുന്നക്കാവ് സ്വദേശി നൗഷാദ് അലി (39), ടൂറിസ്റ്റ് വാനിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫയീസ് (22) എന്നിവരാണ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അപകടത്തില്‍ മരിച്ച ഷക്കീലയുടെ മകള്‍ മസ്‌നീനെ (10) പൊള്ളാച്ചി ഗവ ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രി കെ.കൃഷ്ണന്‍കുട്ടി മസ്നീനെ പൊള്ളാച്ചി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. മലപ്പുറം ഡിഎംഒ യുടെ നിര്‍ദേശ പ്രകാരമാണ് മസ്നീനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.

തകര്‍ന്ന വാഹനത്തിനുള്ളില്‍ നിന്ന് മസ്നീനെ പിന്നാലെ വന്ന ടാക്‌സി ഡ്രൈവറാണ് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മാതാവ് മരിച്ച വിവരം ഷഹദീനെയും മസ്‌നീനെയും അറിയിച്ചിട്ടില്ല. ഷഹദീന്‍ മുഹമ്മദിനെ രാവിലെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വാര്‍ഡിലേക്ക് മാറ്റി. നൗഷാദ് അലി, മുഹമ്മദ് ഫയീസ് എന്നിവര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.

പരുക്കേറ്റവരെ കേരളത്തിലേക്ക് മാറ്റാനുള്ള സാഹചര്യം പരിശോധിച്ചിരുന്നെങ്കിലും നിലവിലെ സ്ഥിതിയില്‍ യാത്ര വേണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. പുലര്‍ച്ചെ മൂന്നരയോടെ കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തി. വാളയാര്‍ പൊലീസ് സംഘവും ആശുപത്രിയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page