കണ്ണൂര്‍: വെള്ളം ചോദിച്ച് വീട്ടിലെത്തി സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിടിച്ച് മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ഇന്ന് രാവിലെയാണ് സംഭവം. പാപ്പിനിശ്ശേരിയിലെ ഷെഫീഖ് ആണ് മരിച്ചത്. ഷെഫീഖും പ്രശാന്തും കൂട്ടുകാരാണ്. രാവിലെ പ്രശാന്തിന്റെ വീട്ടിലെത്തിയ ഷെഫീഖ് കുടിക്കാന്‍ വെള്ളം ചോദിച്ചു. പ്രശാന്ത് വെള്ളമെടുക്കാന്‍ പോയപ്പോള്‍ കയ്യിലുണ്ടായിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പറയുന്നു.
പിന്നീട് അവിടെ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ ട്രെയിനിടിച്ച് ഷെഫീഖ് മരിച്ചു. തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹൃത്തുക്കളായ ഇരുവര്‍ക്കുമിടയിലെ ശത്രുതയുടെ കാരണം തേടിയുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇരുവര്‍ക്കുമിടയില്‍ വ്യക്തി വൈരാഗ്യമുണ്ടാകാം എന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.







