ഡെന്റല്‍ വിദ്യാര്‍ത്ഥിയുടെ മരണം; അധ്യാപികയെ ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ അറസ്റ്റില്‍, പിടികൂടിയത് നോയിഡയില്‍ വച്ച് സാഹസികമായി

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ അറസ്റ്റില്‍. ‘ഇന്‍സ്റ്റന്റ് ഫണ്ട്‌സ് ‘എന്ന ലോണ്‍ ആപ്പ് നടത്തിപ്പുകാരായ ഉത്തര്‍പ്രദേശ് ഖാസിയാബാദ് സ്വദേശി ഋഷികേശ് തിവാരി (32), ഹരിയാന, ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് (54), ഉത്തര്‍പ്രദേശിലെ പ്രശാന്ത് ഖേവല്‍ (28) എന്നിവരെയാണ് നോയിഡയില്‍ വച്ച് കണ്ണൂര്‍ സിറ്റി ക്രൈം പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് വി മിഥുനും സംഘവും അറസ്റ്റു ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ പി നിധിന്‍ രാജിന്റെ നിര്‍ദ്ദേശ പ്രകാരം നോയിഡയിലേയ്ക്ക് പോയ സംഘത്തില്‍ സി പി ഒ മാരായ കെ സുനില്‍, പി കെ ദിജിന്‍ രാജ് എന്നിവരും ഉണ്ടായിരുന്നു.
ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ അധ്യാപിക ചക്കരക്കല്ല് സ്റ്റേഷനിൽ നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് നടപടി. വിദ്യാര്‍ത്ഥി ലോണ്‍ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് റഫറന്‍സ് എന്ന രീതിയില്‍ നല്‍കിയിരുന്ന അധ്യാപികയുടെ ഫോണ്‍ നമ്പറിലേയ്ക്ക് നിരന്തരം കോളുകളും സന്ദേശങ്ങളും വന്നിരുന്നു. പണം അടച്ചില്ലെങ്കില്‍ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അധ്യാപിക നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

പ്രതികള്‍ നോയിഡയിലുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു.
വലിയ നഗരമായതിനാല്‍ പ്രതികളെ കണ്ടെത്തുന്നത് പ്രയാസകരമായെങ്കിലും കേരള പൊലീസിന്റെ മികവാര്‍ന്ന അന്വേഷണത്തില്‍ പ്രതികള്‍ നിയന്ത്രിച്ചിരുന്ന സ്ഥാപനം കണ്ടെത്തുകയായിരുന്നു. ഒരു ഐടി പാര്‍ക്കിന് സമാനമായി 40 ഓളം ജീവനക്കാരാണ് അവിടെ ജോലി ചെയ്തിരുന്നത്. ലോണ്‍ ആപ്പുകള്‍ പ്രമോട്ട് ചെയ്യുന്നതും പണം നല്‍കുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു. നോയിഡ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ പ്രതികള്‍ ആളുകളെ വിളിക്കാന്‍ ഫോണിന് പകരം സിം ബോക്‌സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഒരേസമയം 30 സിം കാര്‍ഡുകള്‍ വരെ ഉപയോഗിക്കാന്‍ സാധിക്കുന്നവയായിരുന്നു ഇവ. സ്ഥാപനം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടികൂടിയ പൊലീസ് സിം ബോക്‌സുകളും സിം കാര്‍ഡുകളും കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page