വാഷിംഗ്ടണ്‍: കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ രണ്ടാനച്ഛന്റെ മകളെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ 16കാരനെ പൊലീസ് അറസ്റ്റുചെയ്തു.
2025 നവംബറില്‍ കാര്‍ണിവല്‍ ക്രൂയിസ് കപ്പലിലായിരുന്നു സംഭവം. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടന്ന സംഭവത്തില്‍ 18കാരിയായ അന്ന കെപ്നറാണ് കൊല്ലപ്പെട്ടത്. കട്ടിലിനടിയില്‍ പുതപ്പില്‍ മൂടിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിയുള്ള മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
മെയ് മാസത്തില്‍ ഫ്‌ളോറിഡയിലെ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. രണ്ടാനമ്മയുമായും അവരുടെ മക്കളുമായും അന്ന ഏറെ അടുപ്പത്തിലായിരുന്നു, വേര്‍തിരിവില്ലാതെയാണ് അവര്‍ കഴിഞ്ഞിരുന്നതെന്ന് മുത്തശ്ശി ബാര്‍ബറ കെപ്നര്‍ പൊലീസിനോട് പറഞ്ഞു. എന്തിനാണ് 16 കാരനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന ചോദ്യമാണ് കുടുംബാംഗങ്ങള്‍ ഉയര്‍ത്തുന്നത്.
എന്നാല്‍ 16കാരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേര് പുറത്തുവിടാതെയാണ് ശിക്ഷ നടപ്പാക്കിയത്. പ്രോസിക്യൂഷന്‍ വാദങ്ങള്‍ കണക്കിലെടുത്ത് കൊലക്കുറ്റവും ലൈംഗിക പീഡനക്കുറ്റവുമാണ് പ്രതിക്കെതിരെ ചുമത്തിയത്.
കുറ്റം തെളിഞ്ഞാല്‍ 16കാരന് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്ന് യുഎസ് അറ്റോര്‍ണി അറിയിച്ചു.
നിലവില്‍ ഫ്‌ളോറിഡയിലെ അമ്മാവനൊപ്പം താമസിക്കണമെന്ന വ്യവസ്ഥയില്‍ 16കാരനെ വിട്ടയച്ചു.
മുതിര്‍ന്നവരുടെ നിരീക്ഷണത്തിലല്ലാതെ കുട്ടികളുടെ മുന്നിലേയ്ക്ക് പോകരുതെന്നും കോടതി നിര്‍ദേശിച്ചു.







