പായസം ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; അടുക്കള കത്തിനശിച്ചു

മലപ്പുറം: പായസം ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് വീടിന്റെ അടുക്കള കത്തിനശിച്ചു. മലപ്പുറം ചെമ്മങ്കടവ് ചുങ്കപ്പള്ളി സ്വദേശി മനോജ് ബാബുവിന്റെ വീട്ടില്‍ കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്. സ്റ്റൗവില്‍ നിന്നു സിലിണ്ടറിലേക്ക് തീ ആളിപ്പടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. നിമിഷ നേരം കൊണ്ട് അടുക്കള മുഴുവന്‍ തീ ആളിപ്പടര്‍ന്നു. വിറകുകളും മിക്സി ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങളും സ്വിച്ച് ബോര്‍ഡുമെല്ലാം നശിച്ചു.

വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമില്ല. ബഹളം കേട്ടെത്തിയ സമീപ വാസികള്‍ വെള്ളമൊഴിച്ചും മറ്റും തീ അണക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്നി ശമന സേന എത്തിയാണ് തീ അണച്ചത്. അപകടാവസ്ഥയിലായ സിലിണ്ടര്‍ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. പാചകവാതക സിലിണ്ടറിന്റെ പഴകിയ പൈപ്പിലുണ്ടായ വിള്ളലിലൂടെ ഗ്യാസ് പുറത്തേക്ക് ചോര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ എം.എച്ച് മുഹമ്മദലി യുടെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ മുഹമ്മദ് ഷിബിന്‍, കെ.സി. മുഹമ്മദ് ഫാരിസ്, വി.പി. നിഷാദ്, ഹോം ഗാര്‍ഡ് കുഞ്ഞുമുഹമ്മദ് എന്നിവര്‍ തീ അണക്കുന്നതില്‍ പങ്കാളികളായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page