ബിജെപി പ്രവർത്തകർക്കു നേരെ ബോംബേറ്: 10 സിപിഎം പ്രവർത്തകർ കുറ്റക്കാർ; ശിക്ഷാവിധി നാളെ

hammer

തളിപ്പറമ്പ്: ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പത്ത് സി.പി. എം പ്രവർത്തകരെ കുറ്റക്കാരാണെന്നു കണ്ടെത്തി. തളിപ്പറമ്പ് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ തിമിരി എളയാട് മേമന ഹൗസില്‍ എം.കെ.പ്രദീപ്കുമാര്‍ (59), സി.പി.എം ഏരിയാ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ടും നിലവില്‍ ആലക്കോട് ഗ്രാമപഞ്ചായത്തംഗവുമായ തിമിരി അടുക്കം ഇടത്തിലെ വീട്ടില്‍ ഹൗസ് പി.വി.ബാബുരാജ് (52), തിമിരി കാരയാട് തെക്കിനിയില്‍ ഹൗസില്‍ ടി.വി.ബിനു എന്ന ഉടുമ്പു ബിനു, തിമിരി കൂത്തമ്പലം പനയംതട്ട പുതിയപുരയില്‍ ഹൗസില്‍ പി.പി.സത്യന്‍ (50), തിമിരി അടുക്കം ഇടത്തിലെ വീട്ടില്‍ ഹൗസില്‍ ഇ.വി.വിനോദ്കുമാര്‍ (52), തിമിരി എളയാട് പാലേരി വിജയന്‍ (56), എളയാട് കരിപ്പാല്‍ പടിഞ്ഞാറെ വീട്ടില്‍ കെ.പി.സുരേഷ് (56), തിമിരി ചെറുപാറ കേക്കേവയല്‍ ഹൗസില്‍ ടോബി (44), തിമിരി കോറോത്ത് വളപ്പില്‍ ജനാര്‍ദനന്‍ (63), തിമിരി കാരയാട് മാന്‍വെട്ടുംകുന്നേല്‍ ഹൗസില്‍ ശിവപ്രസാദ് (57) എന്നിവരെയാണ് തളിപ്പറമ്പ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി നാളെ (ശനിയാഴ്ച)പ്രസ്താവിക്കും.
2011 നവംബര്‍ 27ന് വൈകുന്നേരം 4.30 ഓടെ തിമിരി ഔവര്‍ കോളേജിന് സമീപം വച്ച് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക്‌നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. പ്രദേശത്ത് ആര്‍.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. സംഭവത്തിന് തലേ ദിവസം ഇവിടെ സി.പി.എം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം നടന്നിരുന്നു. ഇതില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവര്‍ത്തകരെ പിറ്റേ ദിവസം വാഹനങ്ങളില്‍ വീട്ടിലേക്ക് തിരിച്ചുകൊണ്ടു പോവുകയായിരുന്ന ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബെറിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 30 ഓളം പ്രവര്‍ത്തകരാണ് വാഹനത്തിലുണ്ടായിരുന്നത്. അതില്‍ ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെറുപുഴ സ്വദേശികളായ ഇ.വി.രാമചന്ദ്രന്‍, എ.ടി.സന്തോഷ്, ചന്ദ്രന്‍, ജോജി ഫിലിപ്പ്, ലാല്‍കൃഷ്ണന്‍, എം.സി.നാരായണന്‍, എം.കെ.മുരളി, ഷിജില്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ യു.രമേശന്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page