വനത്തില്‍ കാണാതായ 58 കാരി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍

വയനാട്: ഗൂഡല്ലൂരിനടുത്ത് വനത്തില്‍ കാണാതായ 58 കാരിയെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാര്‍വ്വതിയാണ് മരിച്ചത്. വീടിനടുത്തുനിന്ന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള ഉള്‍വനത്തില്‍ ചിതറിയനിലയിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഏപ്രില്‍ 11 നാണ് പാര്‍വതിയെ കാണാതായത്. കുടുംബകലഹത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയതായിരുന്നുവെന്ന് പറയുന്നു. എന്നാല്‍ ബന്ധുവീട്ടില്‍ പോയതാണെന്ന് കരുതി വീട്ടുകാര്‍ അന്വേഷിക്കാന്‍ മുതിര്‍ന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുവീട്ടില്‍ അന്വേഷിച്ചപ്പോഴാണ് അവിടെ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ തേയിലത്തോട്ടത്തില്‍ വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. തുടര്‍ന്നുള്ള തിരച്ചിലിനായി ആന്റി നക്‌സല്‍ സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. സംഘം നടത്തിയ പരിശോധനയിലാണ് ഉള്‍വനത്തില്‍ കര്‍പ്പാകം റിസര്‍വ് വനഭാഗത്ത് പാര്‍വതിയുടെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതായി കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പാര്‍വതി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page