കുമ്പള:നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ സംസ്ഥാനം ഉറ്റുനോക്കുന്നതും, ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതുമായ 30 മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കാൻ മൊഗ്രാൽ ദേശീയവേദി ജില്ലയിലെ വോട്ടർമാർക്കായി പ്രവചന മത്സരം സംഘടിപ്പിക്കുന്നു.
ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്,ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങൾക്ക് പുറമെ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയും തമ്മിൽ മത്സരിക്കുന്ന പേരാവൂർ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ- ഫാത്തിമ തഹ്ലീയ എന്നിവരുടെ മത്സരം കൊണ്ട് ശ്രദ്ധേയമായ പേരാമ്പ്ര,മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കുന്ന എലത്തൂർ, മുൻമന്ത്രിയും ഐ എൻ എൽ നേതാവുമായ അഹമ്മദ് ദേവർകോവിൽ മത്സരിക്കുന്ന കോഴിക്കോട് സൗത്ത്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും പി വി അൻവറും ഏറ്റുമുട്ടുന്ന ബേപ്പൂർ,യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് മത്സരിക്കുന്ന കൊടുവള്ളി,മന്ത്രി വി അബ്ദുൽ റഹ്മാനും കുറുകോളി മൊയ്തീനും മത്സരിക്കുന്ന തിരൂർ,കെ ടി ജലീൽ- വിഎസ് ജോയ് മത്സരിക്കുന്ന തവനൂർ,യൂത്ത് ലീഗ് നേതാവ് പി കെ നവാസ് ജനവിധി തേടുന്ന താനൂർ,പി കെ ശശിയിലൂടെയും സിപിഎം വിമത സ്ഥാനാർത്ഥിത്വം കൊണ്ടും ശ്രദ്ധേയമായ മണ്ഡലമായ ഒറ്റപ്പാലം,യുവ തുർക്കികളായ എം ബി രാജേഷും വി.ടി ബൽറാമും മത്സരിക്കുന്ന തൃത്താല, ബിജെപി ഏറെ പ്രതീക്ഷ വെച്ചുപുലർത്തുന്നതും, ശോഭാസുരേന്ദ്രനും രമേശ് പിഷാരടിയും ഏറ്റുമുട്ടുന്നതുമായ പാലക്കാട്,പത്മജ വേണുഗോപാൽ ജനവിധി തേടുന്ന തൃശൂർ,മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ടി എൻ പ്രതാപനും ഏറ്റുമുട്ടുന്ന മണലൂർ,ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ മത്സരിക്കുന്ന ഗുരുവായൂർ,മന്ത്രി പി രാജീവ് മത്സരിക്കുന്ന കളമശ്ശേരി,ജോസ് കെ മാണിയും മാണി സി കാപ്പനും ഏറ്റുമുട്ടുന്ന പാലാ,പിസി ജോർജ് മത്സരിക്കുന്ന പൂഞ്ഞാർ, ആരോഗ്യമന്ത്രി വീണാ ജോർജ്ജും,അബിൻ വർക്കിയും ഏറ്റുമുട്ടുന്ന ആറന്മുള,ജി സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴ,പി ആയിഷാ പോറ്റിയും മന്ത്രി കെ എൻ ബാലഗോപാലും ഏറ്റുമുട്ടുന്ന കൊട്ടാരക്കര,മന്ത്രി കെ ബി ഗണേഷ് കുമാറും,ജ്യോതി കുമാർ ചാമക്കാലയും ഏറ്റുമുട്ടുന്ന പത്തനാപുരം,മന്ത്രി ജി ചിഞ്ചുറാണി മത്സരിക്കുന്ന ചടയമംഗലം,കെ മുരളീധരനും ആർ ശ്രീലേഖയും വി കെ പ്രശാന്തും ഏറ്റുമുട്ടുന്ന വട്ടിയൂർക്കാവ്,ബിജെപി നേതാവ് വി മുരളീധരനും കടകംപള്ളി സുരേന്ദ്രനും പി ശരത്ചന്ദ്രപ്രസാദും മത്സരിക്കുന്ന കഴക്കൂട്ടം, മന്ത്രി വി ശിവൻകുട്ടിയും ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരനും കോൺഗ്രസ് നേതാവ് കെഎസ് ശബരിനാഥനും മത്സരിക്കുന്ന നേമം എന്നീ മണ്ഡലങ്ങളിലെ വിജയികളെ മുൻകൂട്ടി പ്രവചിക്കാനാണ് ദേശീയവേദി പ്രവചന മത്സരം സംഘടിപ്പിക്കുന്നത്.
പ്രവചന മത്സരത്തിന്റെ കൂപ്പൺ 2026 ഏപ്രിൽ 17ന് വെള്ളിയാഴ്ച ദേശീയവേദി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.ഏപ്രിൽ 30 വരെ പ്രവചന മത്സര കൂപ്പണുകൾ സ്വീകരിക്കും.കൂടുതൽ പോയിന്റുകൾ നേടി വിജയികളാകുന്ന രണ്ടുപേർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്ന് ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ, ജന.സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി അറിയിച്ചു.
ഫോട്ടോ:ദേശീയവേദി എംബ്ലം.






