കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന അമ്മയ്‌ക്കൊപ്പം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്നിരുന്ന മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നാടോടി യുവതിക്ക് കോടതി അഞ്ചു വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദ് ആണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന സംഭവത്തില്‍ കോയമ്പത്തൂര്‍ മുക്കൂട് സ്വദേശി ദേവിയെ (35) ആണ് ശിക്ഷിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ അനീഷിന്റെ ഇടപെടലാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. അടൂരില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുമ്പോള്‍ കുട്ടി കണ്ടക്ടറുടെ കാലില്‍ മുറുകെ പിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീക്കൊപ്പം കുട്ടി പോകാനും തയാറാകുന്നില്ല. സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ തമിഴ് മാത്രം അറിയാവുന്ന ദേവിയില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും അറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പന്തളം പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് വ്യക്തമായത്. ഈസ്റ്റ് എസ്.ഐ സവിരാജന്‍ ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.







