വയോധികയെ മുറിയില്‍ പൂട്ടിയിട്ട് അലമാരയില്‍ നിന്നു 10000 രൂപ കവര്‍ന്നു; തുടര്‍ന്ന് കഴുത്തില്‍ കത്തി വച്ച് കമ്മലുകള്‍ ഊരിയെടുത്തു, പട്ടാപ്പകല്‍, നാടിനെ നടുക്കിയ കവര്‍ച്ച ചീമേനിയില്‍

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന മോഷ്ടാവ് വയോധികയെ മുറിയില്‍ പൂട്ടിയിട്ട ശേഷം പണവും കമ്മലും മൊബൈല്‍ ഫോണുമായി കടന്നു. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പട്ടോളി, തൊടുവളം, മാത്രാടന്‍ ഹൗസിലെ എം നാരായണി (73)യാണ് അതിക്രമത്തിനു ഇരയായത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാല്‍ മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മകളുടെ വീട്ടില്‍ എത്തിയതായിരുന്നു പരാതിക്കാരി. ഈ സമയത്ത് വീട്ടില്‍ അതിക്രമിച്ചു കടന്ന കണ്ടാല്‍ അറിയാവുന്ന ഒരാള്‍ നാരായണിയെ മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നു പറയുന്നു. അതിനു ശേഷം അലമാര തുറന്ന് അകത്തുണ്ടായിരുന്ന 10000 രൂപ കൊള്ളയടിച്ചു. ആഭരണങ്ങള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് നാരായണിയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയ ശേഷം കമ്മലുകള്‍ ഊരിയെടുക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. നാരായണിയുടെ മൊബൈല്‍ ഫോണും കൈക്കലാക്കിയാണ് അക്രമി സ്ഥലം വിട്ടതെന്നു പരാതിയില്‍ പറഞ്ഞു.
വിവരമറിഞ്ഞ് ചീമേനി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമിയെ കണ്ടാല്‍ അറിയാമെന്നു നാരായണി പറയുന്നു. സംഭവ സമയത്ത് വീട്ടില്‍ വയോധികമാത്രമേ ഉള്ളൂവെന്ന് കൃത്യമായി അറിയാവുന്ന ആരെങ്കിലുമായിരിക്കും കവര്‍ച്ച നടത്തിയതെന്നു പൊലീസ് സംശയിക്കുന്നു.

ചീമേനി, പുലിയന്നൂരില്‍ റിട്ട. അധ്യാപിക ജാനകി ടീച്ചറെ കഴുത്തറുത്തുകൊലപ്പെടുത്തുകയും ഭര്‍ത്താവ് കൃഷ്ണനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം ഉണ്ടായത് 2017 ഡിസംബര്‍ 13ന് ആയിരുന്നു. 13 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 50,000രൂപയും കൈക്കലാക്കുന്നതിനു വേണ്ടിയാണ് അന്ന് ടീച്ചറുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഒരു സംഘം ക്രൂരമായ കൊലപാതകം നടത്തിയത്.
നാടിനെ നടുക്കിയ പ്രസ്തുത കേസിലെ പ്രതികളായ അരുണ്‍, വിശാഖ് എന്നിവരെ ജില്ലാ സെഷന്‍സ് കോടതി ഇരട്ട ജീവ പര്യന്തത്തിനും 17വര്‍ഷം കഠിന തടവിനും ശിക്ഷിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page