നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യമണിക്കൂറില്‍ തന്നെ സമ്മതിദാനം വിനിയോഗിച്ച് മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ നേതാക്കള്‍; വോട്ടെടുപ്പ് സമാധാനപരം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറില്‍ തന്നെ സമ്മതിദാനം വിനിയോഗിച്ച് പ്രമുഖ നേതാക്കള്‍. രാവിലെ എഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവരും, സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

വോട്ടെടുപ്പ് രണ്ടുമണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. നിലവില്‍ സമാധാനപരമാണ്, മറ്റ് പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പലയിടങ്ങളിലും വോട്ടിംഗ് മെഷീനില്‍ തകരാറുകള്‍ ഉണ്ടായെങ്കിലും പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നു.

140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 2500 പ്രശ്‌ന ബാധിത ബൂത്തുകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം ഉണ്ട്. മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് മത്സരം. ഇടതുപക്ഷം ഭരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനത്ത് ഭരണ തുടര്‍ച്ച തന്നെയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്ന യുഡിഎഫ് ഇത്തവണ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായിയിലെ മുണ്ടയോട് 105ാം ബൂത്തിലാണ് മുഖ്യമന്ത്രി കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്. അതിപ്രധാനമായ തിരഞ്ഞെടുപ്പാണെന്നും എല്‍ഡിഎഫിന് മാത്രമേ പ്രതിബദ്ധതയുടെ നാടിന്റെ പുരോഗതിയെ മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നും പിണറായി വിജയന്‍ പറഞ്ഞു. മറ്റേതെങ്കിലും കൂട്ടര്‍ക്ക് അതിന് കഴിയില്ല. പ്രതിസന്ധിക്കിടയിലും നാം മുന്നോട്ട് പോയി. വളരെ കൃത്യതയോടെ നാടിനെ മുന്നോട്ടു നയിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. ജനങ്ങളെയാണ് ഞങ്ങള്‍ എപ്പോഴും, ജനങ്ങളെയാണ് വിശ്വസിക്കുന്നത്. ജനങ്ങള്‍ ഞങ്ങളെയും വിശ്വസിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷം ജനങ്ങളോടൊപ്പം ആണ് യാത്ര ചെയ്തത്. ആ യാത്രയാണ് ഈ തെരഞ്ഞെടുപ്പിലും തുടരേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയ ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതിനെതുടര്‍ന്ന് വോട്ടെടുപ്പ് വൈകി.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറവൂരിലെ കേസരി മെമ്മോറിയല്‍ കോളേജില്‍ കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തു. 100ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് വിഡി സതീശന്‍ വോട്ട് ചെയ്തശേഷം പ്രതികരിച്ചു.

ബേപ്പൂരില്‍ സര്‍വകാല റെക്കോര്‍ഡ് വോട്ട് നേടുമെന്നും ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂരില്‍ പി.വി അന്‍വര്‍ കള്ളം പറയുന്നു. തുടര്‍ച്ചയായി ചട്ട ലംഘനം നടത്തുന്നുവെന്നും റിയാസ് പറഞ്ഞു.

കേരളത്തില്‍ മാറ്റം വരുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ നഗര്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. സഭയില്‍ ബഹളം ഉണ്ടാക്കാനും ബെഞ്ചില്‍ കയറാനും ആകരുത് വോട്ടെന്നും തൂക്ക് സഭ വരുമെന്നും അതില്‍ ബിജെപി നിര്‍ണായകമാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പാലക്കാട്ടെ നോട്ട് വിവാദത്തില്‍ നിയമപരമായ കാര്യങ്ങള്‍ നടക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137 നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. ഇത്തവണ ഗുരുവായൂരില്‍ വോട്ട് ചെയ്യാനായെന്നും ഗുരുവായൂരപ്പന് നന്ദിയുണ്ടെന്നും വോട്ട് ചെയ്തശേഷം സുരേഷ് ഗോപി പ്രതികരിച്ചു.

ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി. കെ. ശശി വോട്ട് രേഖപ്പെടുത്തി . കുടുംബത്തോടൊപ്പം ശ്രീകൃഷ്ണപുരം കുക്കിലിയാട് എസ്.വി.എ യുപി സ്‌കൂളില്‍ എത്തിയാണ് വോട്ട് ചെയ്തത്. അയാം വെരി ഹാപ്പി എന്ന് ശശി പ്രതികരിച്ചു. ആദ്യമായാണ് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ നിന്ന് മാറി വോട്ട് ചെയ്യുന്നത്. ഒറ്റപ്പാലത്ത് യുഡിഎഫ് ജയം ഉറപ്പാണെന്നും എല്‍ഡിഎഫിന് പരാജയഭീതിയെന്നും ശശി പറഞ്ഞു.

കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ കാറ്റെന്ന് പാലക്കാട്ടെ സ്ഥാനാര്‍ത്ഥി രമേശ് പിഷാരടി പറഞ്ഞു. വോട്ടിന് കാശ് നല്‍കുന്നത് കേരളത്തില്‍ കാണാത്ത കാഴ്ചയാണെന്നും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും രമേശ് പിഷാരടി പറഞ്ഞു. പണവും സാരിയും നല്‍കുന്നുണ്ട് എന്ന് അറിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നത് ഇപ്പോള്‍ മാത്രം. നിഴല്‍ എന്ന് പറയുന്നതിനോട് ഒന്നും പറയാന്‍ ഇല്ല. ജനങ്ങള്‍ക്ക് കണ്ടു കഴിയുമ്പോള്‍ കാര്യം മനസിലാകും. താന്‍ ദുര്‍ബലനും അരാഷ്ട്രീയ വാദിയും എന്ന് പറയുന്നു. ദുര്‍ബലന്‍ ആണെങ്കില്‍ എന്തിന് ഇത്രയും അധിക്ഷേപമെന്നും പിഷാരടി ചോദിച്ചു. തനിക്കെതിരെ കഥയുണ്ടെന്നും 10ന് ശേഷം പുറത്തുവിടുമെന്നും പറയുന്ന ശോഭയുടെ പ്രസ്താവനയോടും രമേശ് പിഷാരടി പ്രതികരിച്ചു. അങ്ങനെ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അല്ലേ പറയേണ്ടതെന്നും രമേഷ് പിഷാരടി ചോദിച്ചു.

തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് വോട്ട് ചെയ്തശേഷം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. യുഡിഎഫ് തരംഗം, 100 ലധികം സീറ്റ് നേടും. തദ്ദേശത്തിലെ തരംഗം ആവര്‍ത്തിക്കും. മൂന്ന് പ്രാവശ്യം ജയിച്ചു, നാലാമതും ജയിക്കും. സര്‍വ്വേകളില്‍ ഞാന്‍ തോല്‍ക്കും എന്ന് കണ്ടു. ജനങ്ങളെ സര്‍വ്വേ എനിക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്ത് 4 സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍, കടത്തുംകടവിലാണ് ആണ് സണ്ണി ജോസഫ് കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്.

നാട്ടിക എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗീതാഗോപി 139 ആം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തും. കെഎന്‍ ബാലഗോപാല്‍ കൊട്ടാരക്കര ഡയറ്റിലെ 94ാം നമ്പര്‍ ബൂത്തില്‍ കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തി. നാട്ടികയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീതാഗോപി കുടുംബത്തോടൊപ്പം ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താനെത്തി.

സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നടന്‍ മോഹന്‍ലാലും നേമം മണ്ഡലത്തിലെ മുടവന്‍മുകള്‍ സ്‌കൂള്‍ ബൂത്ത് 36ല്‍ എത്തി വോട്ട് രേഖപ്പെടുത്തി. ‘ദിസ് ഈസ് മൈ മെസേജ്’ എന്നായിരുന്നു മഷി പുരട്ടിയ ചൂണ്ട് വിരല്‍ ഉയര്‍ത്തി കാട്ടിയുള്ള താരം പ്രതികരിച്ചത്. വോട്ട് ചെയ്തതിന്റെ ചിത്രം മോഹന്‍ലാല്‍ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മോഹന്‍ലാല്‍ പോളിങ് ബൂത്തില്‍ എത്തിയിരുന്നു. ക്യൂ നിന്ന് തന്നെയാണ് നടന്‍ വോട്ട് രേഖപ്പെടുത്തിയത്.

മോഹന്‍ലാലിനെ കൂടാതെ മറ്റ് പല സെലിബ്രിറ്റികളും വോട്ട് ചെയ്തു. കളമശ്ശേരി അംബേദ്കര്‍ തൊഴില്‍ പരിശീലന കേന്ദ്രം ബൂത്ത് നമ്പര്‍ 190ല്‍ സിനിമ താരം അജു വര്‍ഗീസ് വോട്ട് ചെയ്തു. തേവര സര്‍ക്കാര്‍ ഫിഷറീസ് സ്‌കൂളില്‍ നടന്‍ പ്രിഥ്വിരാജും ഭാര്യ സുപ്രിയയും വോട്ട് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page