തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയെന്ന് ശോഭാ സുരേന്ദ്രന്‍; എതിര്‍ സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിക്കിട്ടും കൊട്ട്

പാലക്കാട്: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. കണ്ണാടി പഞ്ചായത്തില്‍ എത്തിയത് ഓട്ടോ സ്റ്റാന്റിലെ കാന്‍സര്‍ രോഗിയെ കാണാനാണെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കാണണമെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അവിടെ എത്തിയതെന്നും ഒരുമണിക്കൂറോളം തങ്ങള്‍ അവിടെ ചെലവിട്ടുവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

തുടര്‍ന്നാണ് വീടുകള്‍ തോറുമുള്ള സന്ദര്‍ശനം നടത്തിയത്. ഈ സമയമത്രയും തങ്ങളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു കാറില്‍ പിന്തുടര്‍ന്നുവെന്നും അതിനകത്ത് രണ്ട് യുവാക്കളും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ആ സ്ത്രീ കുറ്റവാളികളെ പോലെ കലകുനിച്ചിരിക്കുകയായിരുന്നുവെന്നും അതിന്റെ ദൃശ്യങ്ങള്‍ തന്റെ കയ്യില്‍ ഉണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കാറിലുണ്ടായിരുന്ന ഏകദേശം ഇരുപത്തിരണ്ടു വയസ് മാത്രം പ്രായം വരുന്ന ഒരു യുവാവ് തന്നെ നോക്കി മൂന്നുതവണ മോശം ആംഗ്യം കാട്ടിയതിനെ തുടര്‍ന്നാണ് താന്‍ മോശമായി സംസാരിച്ചതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. എന്തിനാണ് ആ കാര്‍ തന്നെ പിന്തുടര്‍ന്നതെന്ന കാര്യം അറിയണം. താന്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി 11:30 മണിയോടെ തന്റെ വീടിനടുത്ത് ഈ കാര്‍ വന്നുവെന്നും എന്തിനാണ് ആ സമയത്ത് അവര്‍ തന്റെ വീടിനരികില്‍ എത്തിയതെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തള്ളിയ ശോഭാ സുരേന്ദ്രന്‍ ആരോപണം തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തിരക്കഥ തയാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയാണെന്നും ശോഭ പറയുന്നു. പാലക്കാട് ബിജെപി 35,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കും എന്ന് കണ്ട് അത് തടയാന്‍ നേരത്തെ തിരക്കഥ തയാറാക്കുകയാണ് ചെയ്തതെന്നും ശോഭ പറയുന്നു. നിശ്ശബ്ദ പ്രചാരണ ദിവസം തന്നെ അപമാനിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ കൊടുത്തു. പത്താം തീയതിക്ക് ശേഷം കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പറഞ്ഞു.

ദൃശ്യത്തില്‍ ദേവു എന്ന വൃദ്ധയ്ക്ക് പണം നല്‍കുന്ന വെള്ള ചുരിദാറിട്ട സ്ത്രീ കോണ്‍ഗ്രസുകാര്‍ക്കൊപ്പം എത്തിയതാണെന്നാണ് ശോഭ പറയുന്നത്. അവര്‍ തങ്ങള്‍ക്കൊപ്പം എത്തിയതാണെന്ന് തെളിയിക്കുന്ന രേഖകള്‍ കാണിക്കാനും ശോഭ ആവശ്യപ്പെടുന്നു. തനിക്കെതിരെയുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ ഒരു മാധ്യമത്തിന് പങ്കുണ്ടെന്നും അവര്‍ക്കെതിരെ പരാതി നല്‍കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തനിക്കെതിരെയുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ മാധ്യമ സുഹൃത്തുക്കള്‍ സഹായിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്കെതിരെയും ശോഭന ആരോപണം ഉന്നയിച്ചു. എറണാകുളത്തുനിന്നും ഒരു വനിത തന്നെ കാണാന്‍ എത്തിയിട്ടുണ്ടെന്നും പരാതി ദേശീയ വനിതാ കമ്മീഷന് മുന്നില്‍ എത്തിയിട്ടുണ്ടെന്നുമുള്ള ആരോപണവും ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചു. ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പത്താംതീയതി കഴിയട്ടെ എന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം. കഴിഞ്ഞ 30 വര്‍ഷമായി താന്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് തന്റെ പത്താമത് നിയമസഭാ തിരഞ്ഞെടുപ്പാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page