ഇന്ത്യന്‍ നാവിക സേനയുമായി ധാരണാപത്രം ഒപ്പുവെച്ച് കേരള കേന്ദ്ര സര്‍വകലാശാല : അക്കാദമിക-ഗവേഷണ സഹകരണം ശക്തിപ്പെടുത്തും

പെരിയ: അക്കാദമിക-ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്നതിനായി കേരള കേന്ദ്ര സര്‍വകലാശാലയും ഇന്ത്യന്‍ നാവികസേനയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. ഗോവയിലെ നേവല്‍ വാര്‍ കോളേജില്‍ നടന്ന ചടങ്ങില്‍ കേരള കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വി.ബി. സമീര്‍ കുമാറും ഇന്ത്യന്‍ നാവികസേന നേവല്‍ ഹിസ്റ്ററി ഡിവിഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് കമാന്‍ഡര്‍ കലേഷ് മോഹനനും ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് പ്രൊഫ. സിജിന്‍ കുമാര്‍ എ.വി, റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സെല്‍ ഡയറക്ടര്‍ ഡോ. ഇ. പ്രസാദ്, സ്‌കൂള്‍ ഓഫ് ഗ്ലോബല്‍  സ്റ്റഡീസ് ഡീന്‍ പ്രൊഫ. സുരേഷ് ആര്‍., വൈസ് അഡ്മിറല്‍ സി.ആര്‍. പ്രവീണ്‍ നായര്‍, റിയര്‍ അഡ്മിറല്‍ അര്‍ജുന്‍ ദേവ് നായര്‍ എന്നിവര്‍ചടങ്ങില്‍ പങ്കെടുത്തു.
സംയുക്ത ഗവേഷണം, അധ്യാപക-വിദ്യാര്‍ത്ഥി എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍, വിദഗ്ധരുടെ പ്രഭാഷണങ്ങള്‍, സംയുക്ത സെമിനാറുകള്‍, ശില്‍പശാലകള്‍, ഇന്റേണ്‍ഷിപ്പുകള്‍ എന്നിവയ്ക്കും സമുദ്ര മേഖല, നാവികസേനാ ചരിത്രം, ദേശീയ സുരക്ഷ, പ്രതിരോധ സാങ്കേതികവിദ്യകള്‍, അനുബന്ധ മേഖലകള്‍ എന്നിവയിലെ പഠനത്തിനും അവസരമൊരുക്കും.

വിദ്യാര്‍ഥികള്‍ക്ക് നാവിക വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും പ്രായോഗിക പരിചയം നേടാനും, അധ്യാപകര്‍ക്ക് സമുദ്ര സുരക്ഷയും ദേശീയ വികസനവുമായി ബന്ധപ്പെട്ട സംയുക്ത ഗവേഷണങ്ങളിലും നയരൂപീകരണ പഠനങ്ങളിലും പങ്കാളികളാകാനും സാധിക്കും. സമുദ്ര സാങ്കേതികവിദ്യകള്‍, കൃത്രിമബുദ്ധി, സൈബര്‍ സുരക്ഷ, സമുദ്ര ശാസ്ത്രം, പാരിസ്ഥിതിക സുസ്ഥിരത, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ഗവേഷണത്തിന് ഈ ധാരണാപത്രം അടിത്തറയൊരുക്കുന്നു.

അക്കാദമിക് മികവ്, ബഹുവിഷയാധിഷ്ഠിത ഗവേഷണം, വിജ്ഞാന കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗൂര്‍ പറഞ്ഞു. ഗവേഷണ മികവ്, നൂതനാശയങ്ങള്‍, സാമൂഹിക പ്രതിബന്ധത എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന സര്‍വകലാശാലയുടെ കാഴ്ചപ്പാട് ഉയര്‍ത്തിക്കാണിക്കുന്നതാണ് ധാരണാപത്രം. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ദീര്‍ഘകാല അക്കാദമിക-ഗവേഷണ പങ്കാളിത്തത്തിനും വഴിതെളിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page