ഡിസ്‌പ്ലേ പോയ ഫോണിന് പകരം ആരാധകന് പുതിയ ഫോണ്‍ സമ്മാനിച്ച് സഞ്ജു സാംസണ്‍

പാലക്കാട്: ഐ.പി.എല്‍ മത്സരത്തിനിടെ നാട്ടിലെത്തിയ സഞ്ജു സാംസണ്‍ ആരാധകന് ഫോണ്‍ സമ്മാനിച്ചു. കോഴിക്കോടുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നു കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെ പാലക്കാട്ടുവച്ചാണ് സംഭവം. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ആരാധകനായ ശബരീഷും കൂട്ടുകാരും മഞ്ഞ ജഴ്‌സിയും ധരിച്ച് പതിവുപോലെ കടമ്പഴിപ്പുറം പുഞ്ചപ്പാടത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കാന്‍ പോകുമ്പോഴാണ് അപ്രതീക്ഷിതമായി സഞ്ജുവിനെ കാണുന്നത്.

പുഞ്ചപ്പാടം സ്‌കൂള്‍ ബസ് സ്റ്റോപ്പിനു സമീപം കറുത്ത റേഞ്ച് റോവര്‍ കാറില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു സഞ്ജു സാംസണ്‍. സഞ്ജുവിന്റെ ആരാധകനായ ശബരീഷ് ഈ കാഴ്ച കണ്ട് വിശ്വസിക്കാനാകാതെ സഞ്ജുവിന്റെ അടുത്തേക്ക് ഓടിയെത്തുകയും സെല്‍ഫി എടുത്തോട്ടെ എന്ന ചോദിക്കുകയും ചെയ്തു. ആരാധകരെ നിരാശരാക്കാത്ത സഞ്ജു അപ്പോള്‍ തന്നെ സെല്‍ഫിക്ക് പോസ് ചെയ്തു. ഫോട്ടോ നോക്കാനായി ഫോണെടുത്തപ്പോഴാണ് അതിന്റെ ഡിസ്‌പ്ലേ പോയത് ശ്രദ്ധയില്‍പ്പെട്ടത്. ഫോട്ടോ അവ്യക്തവുമായിരുന്നു. ഇതോടെ സഞ്ജു കാറിന്റെ ഡിക്കി തുറന്ന് അതിലുണ്ടായിരുന്ന ഒരു മൊബൈല്‍ ഫോണ്‍ എടുത്ത് ശബരീഷിന് സമ്മാനിച്ചു. ഇതു നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്‌പ്ലേ പോയതല്ലേ എന്നുപറഞ്ഞാണ് സഞ്ജു ഫോണ്‍ സമ്മാനിച്ചത്. തുടര്‍ന്ന് പുതിയ ഫോണില്‍ സഞ്ജുവിനൊപ്പം നിന്ന് ഒരു സെല്‍ഫി എടുക്കുകയും ചെയ്തു.

നന്നായി ക്രിക്കറ്റ് കളിക്കണമെന്ന ഉപദേശവും നല്‍കിയാണ് സഞ്ജു മടങ്ങിയതെന്ന് ശബരീഷ് പറയുന്നു. താന്‍ ഇഷ്ടപ്പെടുന്ന സഞ്ജു സാംസന്റെ കൈയില്‍ നിന്ന് ഫോണ്‍ കിട്ടിയ സന്തോഷത്തിലാണ് ശബരീഷ്. കൂട്ടുകാരോട് സഞ്ജുവിനെ കണ്ട വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോഴും ഒരുമിച്ചുള്ള ഫോട്ടോ കാണിക്കുമ്പോഴും ശബരീഷിന്റെ സന്തോഷത്തിന് അതിരില്ലെന്നാണ് സമീപവാസികളും സുഹൃത്തുക്കളും പറയുന്നത്. ട്വന്റി ട്വന്റി മത്സരത്തില്‍ തിളങ്ങിയ ശേഷം സഞ്ജുവിനെ നേരില്‍ കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോള്‍ അത് സാധിച്ചെന്നും ശബരീഷ് പറഞ്ഞു. ഡിഷ് ആന്റിന ടെക്‌നീഷ്യനായ ശബരീഷ് കടമ്പഴിപ്പുറം ക്ലബില്‍ ക്രിക്കറ്റ് കളിക്കാരാനാണ്. നല്ലൊരു വിക്കറ്റ് കീപ്പറുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page