തിരുവനന്തപുരം: സി-ഡിറ്റ് ഡയറക്ടർ ഡോ. എം. അബ്ദുൽ റഹ്മാനു അക്ഷയ ഡയറക്ടറുടെ അധിക ചുമതല കൂടി
സർക്കാർ നൽകി. വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ആവശ്യങ്ങൾ കൂടുതൽ ഫലപ്രദമായി നിറവേറ്റുന്നതിനും സാമൂഹിക ഉൾച്ചേരൽ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ സേവന സംവിധാനങ്ങൾ സഹായകമാക്കുകയാണ് ലക്ഷ്യം. വിവിധ സർക്കാർ-പൗര സേവനങ്ങളും , സർക്കാർ-ബിസിനസ് സേവനങ്ങളും , ബിസിനസ്-പൗര സേവനങ്ങളും ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന കോമൺ സർവീസ് സെന്ററുകളുടെ വിപുലമായ ശൃംഖലയാണ് അക്ഷയ കേന്ദ്രങ്ങൾ. കേരളത്തിലുടനീളം ഏകദേശം 2,650 അക്ഷയ ഇ-കേന്ദ്രങ്ങളാണ് നിലവിലുള്ളത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും വിവരസാങ്കേതികവിദ്യയുടെ പ്രയോജനം എത്തിക്കുന്നതിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ, വിവരങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കൽ, ഭരണത്തിലെ സുതാര്യത വർധിപ്പിക്കൽ, സാമൂഹിക-സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ അക്ഷയ കേന്ദ്രങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിന്റെ വിവിധ ഐ.ടി. പദ്ധതികൾ, വെബ് പോർട്ടലുകൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയുടെ വികസനത്തിനും പരിപാലനത്തിനും നേതൃത്വം നൽകുന്ന സ്ഥാപനമാണ് സി-ഡിറ്റ് .കേന്ദ്ര-
സംസ്ഥാന സർക്കാരുകളുടെ നിരവധി പദവികൾ വഹിച്ചിട്ടുള്ള ഡോ.അബ്ദുൾ റഹ്മാൻ
കാസർകോട് പൈക്ക സ്വദേശിയാണ്. കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിൽ ഡയറക്ടറായ ഡോ. നീതു സോണയാണ് ഭാര്യ.







