കാസര്‍കോട്: മൗവ്വല്‍ – പള്ളിക്കര റോഡില്‍ അപകടഭീഷണി ഉയര്‍ത്തിയ കുഴികള്‍ നികത്തി നാട്ടുകാര്‍ മാതൃകയായി. പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തിന്റെ അറ്റക്കുറ്റ പണികള്‍ നടക്കുന്നതിനാല്‍ കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ് ടി. പി റോഡിലൂടെയുള്ള വാഹനങ്ങൾ ഇടുങ്ങിയ മൗവ്വല്‍ റോഡ് വഴിയാണ് ഇരുഭാഗങ്ങളിലേയ്ക്കും കടന്നുപോകുന്നത്. റോഡിൽ ഗതാഗത കുരുക്കും പതിവാണ്. റോഡരുകിലെ കുഴികള്‍ നികത്തിയില്ലെങ്കില്‍ വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് കാണിച്ച് നിരവധി തവണ അധികൃതരെ സമീപിച്ചുവെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.
ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ ഇന്നലെ (ഞായര്‍) രാത്രി പണിയായുധങ്ങളുമായെത്തി റോഡരുകിലെ കുഴികള്‍ നികത്തിയത്. സുലൈമാന്‍ പരയങ്ങാനം, ടി.കെ ജലീല്‍, മജീദ്, കെഎസ് അഷ്‌റഫ്, ഇര്‍ഫാന്‍, നവാസ് എന്നിവർ നേതൃത്വം നല്‍കി.







