ചീമേനി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിശാല സംസ്ഥാന സമിതി യോഗവും തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിലയിരുത്തലും സ്വന്തം അണികളെ കബളിപ്പിക്കാനുള്ള നീക്കം മാത്രമാണെന്ന് ബിജെപി മുന്‍ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് എം.വി. ഗോവിന്ദനെയും മാറ്റാന്‍ സിപിഎം തയ്യാറാകാത്തത് തെറ്റ് തിരുത്താന്‍ പാര്‍ട്ടി സന്നദ്ധമല്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ചീമേനിയില്‍ നടന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ മഹാ അഭിയാന്‍ ബിജെപി ജില്ലാ പഠന ശിബിരത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ പരാജയം മൂന്നു മാസത്തിനുള്ളില്‍ തന്നെ ജനങ്ങള്‍ക്കു വ്യക്തമായെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ യഥാര്‍ത്ഥ റോളില്‍ ബിജെപിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദി സര്‍ക്കാരിന് ലോകനേതാക്കള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയും കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭാരതം കൈവരിക്കുന്ന വളര്‍ച്ചയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡി മുന്നണിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ഇതിന്റെ സൂചനയാണെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.
ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി അധ്യക്ഷത വഹിച്ചു.
ശിബിരത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാക്കളെ സമാപന ചടങ്ങില്‍ എ.പി. അബ്ദുള്ളക്കുട്ടി ഷാള്‍ അണിയിച്ച് ആദരിച്ചു.
ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.കെ. വേലായുധന്‍, മേഖല പ്രസിഡന്റ് കെ. ശ്രീകാന്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രന്‍, സതീഷ് ചന്ദ്ര ഭണ്ഡാരി, രവീശ തന്ത്രി കുണ്ടാര്‍, പ്രമീള സി. നായിക്, എ. വേലായുധന്‍, മേഖല ജന സെക്ര എ.വി. ഷിജു, ജന സെക്രട്ടറി സുധാമ ഗോസാഡ, ജില്ലാ ജന. സെക്രട്ടറിമാരായ പി.ആര്‍. സുനില്‍, എന്‍. ബാബുരാജ്, മനുലാല്‍ മേലത്ത്, വിജയ് കുമാര്‍ റൈ, ബി. രവീന്ദ്രന്‍, രൂപവാണി ഭട്ട്, ഹരീഷ് നാരമ്പാടി പ്രസംഗിച്ചു.







