ചന്തേര പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ പി ദിവ്യശ്രീ കൊലക്കേസ്: ഭര്‍ത്താവ് കുറ്റക്കാരന്‍; ശിക്ഷാ വിധി വെള്ളിയാഴ്ച

കണ്ണൂര്‍: വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ കരിവെള്ളൂരിലെ പി ദിവ്യശ്രീ (38)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. കൊഴുമ്മല്‍, കോട്ടൂര്‍, പെരളത്തെ കെ രാജേഷിനെയാണ് തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജ് കെ ടി നിസാര്‍ അഹമ്മദ് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
2024 നവംബര്‍ 21ന് വൈകിട്ട് 5.30ന് ആണ് ദിവ്യശ്രീ കൊല്ലപ്പെട്ടത്. മാങ്ങാട്ട് പറമ്പ് കെ എ പി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ ദിവ്യശ്രീ ചന്തേര പൊലീസ് സ്റ്റേഷനില്‍ താല്‍ക്കാലിക ചുമതല വഹിച്ചു വരികയായിരുന്നു. സംഭവ ദിവസം വൈകിട്ട് ബൈക്കില്‍ വീട്ടില്‍ എത്തിയ പ്രതി ബഹളം ഉണ്ടാക്കുകയും വടിവാള്‍ കൊണ്ട് ദിവ്യശ്രീയുടെ ദേഹമാസകലം വെട്ടുകയായിരുന്നു. വീട്ടില്‍ നിന്നു ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിനു മുന്നില്‍ കുഴഞ്ഞു വീണു. അക്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിതാവ് കെ വാസുവിനും വെട്ടേറ്റിരുന്നു. ഇരുവരെയും നാട്ടുകാര്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ദിവ്യശ്രീയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവ ദിവസം രാത്രി ശബരിമലയിലേയ്ക്ക് സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് ദിവ്യശ്രീ കൊല്ലപ്പെട്ടത്. അക്രമത്തിനു ശേഷം സ്ഥലത്തു നിന്നു മുങ്ങിയ രാജേഷിനെ ബാറില്‍ വച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്.
കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്നു അകന്നു കഴിയുകയായിരുന്നു ദിവ്യശ്രീ. ഇരുവരും തമ്മിലുള്ള വിവാഹ മോചനക്കേസ് കൊലപാതകം നടന്നതിന്റെ തലേനാള്‍ കണ്ണൂര്‍ കോടതി പരിഗണിച്ചിരുന്നു. രാജേഷുമായുള്ള ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ദിവ്യശ്രീ അന്നു കോടതിയില്‍ അറിയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page