സന്ദീപ് വാര്യരെ നെഹ്‌റു കോളേജില്‍ ആക്രമിച്ചുവെന്ന പരാതി; 25 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസ്, എസ് എഫ് ഐയുടെ പരാതിയില്‍ സന്ദീപ് വാര്യര്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെയും കേസ്

കാസര്‍കോട്: തെരഞ്ഞെടുപ്പു പ്രചരണത്തിനു എത്തിയ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ ആക്രമിച്ചുവെന്ന പരാതിയില്‍ 25 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. എസ് എഫ് ഐ പ്രവര്‍ത്തകരുടെ പരാതി പ്രകാരം സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ അഞ്ചു യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്, പടന്നക്കാട് നെഹ്റു കോളേജിൽ തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
സന്ദീപ് വാര്യര്‍ (43), വീഡിയോ ഗ്രാഫര്‍ ലുക്മാന്‍ മംഗ്‌ളൂരു, പ്രവര്‍ത്തകരായ വിഷ്ണു വത്സന്‍ പടന്നക്കാട്, പേരോല്‍, വട്ടപ്പൊയിലിലെ അബ്ദുല്‍ നാഫിയ തൃക്കരിപ്പൂര്‍, പേക്കടത്തെ അഹമ്മദ് മുജിതാബ് എന്നിവരെ ആക്രമിച്ചതിനാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. എസ് എഫ് ഐ നീലേശ്വരം ഏരിയാ സെക്രട്ടറി ജിതിന്‍ റാം, കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി ആദിത്യന്‍, ഉദുമ ഏരിയാ സെക്രട്ടറി കെ ബ്രിജേഷ്, കോളേജ് യൂണിറ്റ് സെക്രട്ടറി പി യു മിഥുന്‍,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ വി അഭിരാം, പ്രവര്‍ത്തകരായ സല്‍മാന്‍ ഫാരിസ്, നിഖിലേഷ്, വിഘ്‌നേഷ്, ഗൗതം, ആദിത്യന്‍ നിലാങ്കര, കെ വി അഖില്‍ എന്നിവര്‍ക്കും കണ്ടാല്‍ അറിയാവുന്ന മറ്റു 14 പേര്‍ക്കുമെതിരെയാണ് വധശ്രമത്തിനു കേസെടുത്തത്. സന്ദീപ് വാര്യരും സംഘവും ആക്രമിച്ചുവെന്ന പരാതിയില്‍ നെഹ്‌റു കോളേജ് മലയാളം അസോസിയേഷന്‍ സെക്രട്ടറിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ശ്രീഹരിയുടെ പരാതിയില്‍ മറ്റൊരു കേസും ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്തു. സന്ദീപ് വാര്യര്‍, കെ എസ് യു നെഹ്‌റു കോളേജ് യൂണിറ്റ് സെക്രട്ടറി വിഷ്ണു വത്സന്‍, എം എസ് എഫ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം ഇ കെ നാഫി, സന്ദീപ് വാര്യരുടെ വീഡിയോ ഗ്രാഫര്‍, ലുക്മാന്‍ ഹക്കീം, മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ അഹമ്മദ് മുജിതാബ് എന്നിവര്‍ക്കെതിരെയാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page