48 പടികള്‍ ചവുട്ടി മുകളിലെത്തുമ്പോള്‍ അവിടെക്കാണാം മഞ്ചേശ്വരം താലൂക്ക് ഓഫീസ്; പടികയറി വയോജനങ്ങള്‍ മടുത്തു; സാധാരണക്കാര്‍ വിയര്‍ത്തൊലിക്കുന്നു

മഞ്ചേശ്വരം: പ്രപഞ്ചനാഥനായ ധര്‍മ്മശാസ്താവിനെ കാണാന്‍ 18 പടികള്‍ ചവിട്ടിയാല്‍ മതി. അതേസമയം മഞ്ചേശ്വരം താലൂക്ക് ഓഫീസിലെത്താന്‍ 48 പടികള്‍ ചവിട്ടണമെന്നു വിവിധ ആവശ്യങ്ങള്‍ക്ക് അവിടെ എത്തേണ്ടവര്‍ പറയുന്നു.
ശബരിമലയില്‍ 18 പടികള്‍ ചവിട്ടി മുകളിലെത്തിയാല്‍ അയ്യപ്പ ദര്‍ശനവും പുണ്യവും കിട്ടുമെന്നാണ് വിശ്വാസം. എന്നാല്‍ 48 പടികള്‍ ചവുട്ടി മഞ്ചേശ്വരം താലൂക്ക് ഓഫീസ് കാര്യാലയത്തിലെത്തിയാല്‍ അവിടെ ചിലപ്പോള്‍ കാണേണ്ടവരെ കാണാന്‍ കിട്ടാറില്ലെന്നും പുണ്യത്തിനു പകരം സ്വയം ശപിച്ച് പടിയിറങ്ങേണ്ട അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു.
പല ആവശ്യങ്ങള്‍ക്കായെത്തുന്ന വൃദ്ധ ജനങ്ങളുടെ കാര്യമാണ് ഏറെ ദയനീയം. അവര്‍ പടികള്‍ ചവിട്ടി താലൂക്ക് ഓഫീസില്‍ എത്തിയാല്‍ കാണേണ്ടവരെ കാണാന്‍ വേണ്ടി കാത്തിരുന്നു നിരാശരായി മടങ്ങേണ്ടിവരുന്നു. മറ്റുള്ളവര്‍ പടി കയറുമ്പോഴേയ്ക്കും വിയര്‍ത്തു ഒഴുകുന്നു.

2013 മേയ് 28നു കാസര്‍കോട് താലൂക്കിനെ വിഭജിച്ചു മഞ്ചേശ്വരം താലൂക്ക് രൂപീകരിച്ചപ്പോള്‍ അതിന്റെ പരിധിയില്‍ വരുന്ന ജനങ്ങള്‍ക്കു വലിയ ആഹ്ലാദമായിരുന്നു. എന്നാല്‍ അതു കഴിഞ്ഞു 13 വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ ജനങ്ങള്‍ക്ക് അക്കാലത്തുണ്ടായിരുന്ന ആഹ്ലാദമില്ല. പകരം നിരാശയുണ്ട്. ഇതിനെക്കുറിച്ചു ജനങ്ങള്‍ അന്നു മുതല്‍ പരാതി പറയുന്നു. മഞ്ചേശ്വരം താലൂക്കിലെ മറ്റു പല താലൂക്കുതല ഓഫീസുകളും നോക്കുകുത്തികളായി നില്‍ക്കുന്നു. ഈ ഓഫീസുകള്‍ക്കു സ്വന്തമായി കെട്ടിടം ഇതാ വരുന്നു എന്ന് ജനപ്രതിനിധികള്‍ വീമ്പിളക്കാന്‍ തുടങ്ങിയിട്ടും ദശാബ്ദത്തോളമായെന്നു നാട്ടുകാര്‍ പറയുന്നുണ്ട്. താലൂക്ക് ഓഫീസ് സ്ഥാപിക്കാന്‍ മംഗല്‍പാടി വില്ലേജിലെ ഉപ്പള കൈക്കമ്പയില്‍ റവന്യു വകുപ്പു ഇതിനു സ്ഥലം പണ്ടേ നീക്കിവച്ചിട്ടുണ്ടെന്നു പറയുന്നുണ്ട്. മുന്‍ സര്‍ക്കാര്‍ അതിനു ഫണ്ടും നീക്കിവച്ചത്രെ. താലൂക്ക് ഓഫീസിനൊപ്പം അതുകൂട്ടിച്ചേര്‍ത്തു മിനി സിവില്‍ സ്റ്റേഷന്‍ ഉണ്ടാക്കി അതില്‍ എല്ലാ താലൂക്കുതല ഓഫീസുകളും ഉറപ്പിക്കാനായിരുന്നുവത്രെ പരിപാടി. അങ്ങനെയായാല്‍ എത്ര ഉപകാരപ്രദമാവുമെന്ന് ആളുകളും പ്രതീക്ഷിച്ചു. പ്രാരംഭ പ്രവര്‍ത്തനങ്ങളൊക്കെ നടത്തി അനുമതിക്കു മരാമത്ത് വകുപ്പിന് ഫയല്‍ അയച്ചു കൊടുക്കുകയും ചെയ്തിരുന്നുവത്രെ. എന്നാല്‍ പിന്നീടെന്തുണ്ടായെന്ന് ഇടപെട്ടവരാരും ഒന്നും പറയുന്നില്ല. താലൂക്ക് ഓഫീസിന്റേയും മിനിസിവില്‍ സ്റ്റേഷന്റേയും ഫയല്‍ മരാമത്ത് ഓഫീസില്‍ നിന്നു കാക്ക കൊത്തിക്കൊണ്ടുപോയതായിരിക്കുമെന്ന് ആളുകള്‍ പറയുന്നു. പറഞ്ഞു സമാശ്വസിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page