തളങ്കര,കടവത്തെ കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു; കൊലയാളികള്‍ ഉപയോഗിച്ച ഗൂഗിള്‍ പേ നമ്പര്‍ ലഭിച്ചതായി സൂചന

കാസര്‍കോട്: തളങ്കര,കടവത്തെ ഒരു കെട്ടിടത്തിന്റെ മുകളിലെ മുറിയില്‍ യുവാവിനെ കഴുത്തു മുറുക്കികൊലപ്പെടുത്തിയസംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ്അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് അന്വേഷണ സംഘം.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് കടവത്തെ ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ മുറിയില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കാണപ്പെട്ടത്. പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന സംശയം ഉണ്ടായിരുന്നു. വിശദമായ പരിശോധനയിലാണ് കഴുത്തുമുറുക്കി കൊന്നതാണെന്ന വിവരം ലഭിച്ചത്.
ഒക്ടോബര്‍ 5നാണ് കര്‍ണാടക, ദാവണഗരെ സ്വദേശികളാണെന്ന് പറയുന്ന നാലംഗ സംഘം കെട്ടിടത്തില്‍ മുറിയെടുത്തത്. നജീം എന്നയാളുടെ പേരിലാണ് മുറിയെടുത്തത്. എന്നാല്‍ ഇത് ശരിയായ പേരാണോ എന്ന് വ്യക്തമല്ല. നാലംഗ സംഘത്തിലെ ഒരാളാണ് കൊല്ലപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംഭവത്തിന് ശേഷം മൂന്നു പേര്‍ ബാഗും തൂക്കി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേ സമയം കൊല്ലപ്പെട്ട ആളിലേക്കും കൊലയാളി സംഘത്തിലേക്കും വെളിച്ചം വീശുന്ന നിര്‍ണായക തെളിവ് അന്വേഷണ സംഘം കണ്ടെടുത്തതായാണ് സൂചന. ഒരു ഗൂഗിള്‍ പേ നമ്പരാണ് ലഭിച്ചത്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണ്. കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞാല്‍ മാത്രമേ കൊലയാളികളിലേക്ക് അന്വേഷണം എത്തിക്കാന്‍ കഴിയുകയുളളുവെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page