തിരഞ്ഞെടുപ്പ് ഫലം: ഇടതു മുന്നണിയുടെ ഭാവിക്കു നിര്‍ണ്ണായകം; സി പി എമ്മിനും ഇടതുമുന്നണിക്കും വെല്ലുവിളി

കൊച്ചി: 9നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഇടതു മുന്നണിക്കു കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ഇത് പാര്‍ട്ടിയുടെ സംസ്ഥാന തലത്തിലെയും ദേശീയ തലത്തിലെയും പ്രസക്തിയെ സ്വാധീനിക്കുമെന്നും ആശങ്കയുണ്ട്. തിരഞ്ഞെടുപ്പില്‍ വലത്- എന്‍ ഡി എ മുന്നണികള്‍ ഇടതു മുന്നണിക്കു വേണ്ടത്ര വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. 10 വര്‍ഷത്തെ ഭരണവും അതിനിടയിലുണ്ടായ വിവാദങ്ങളും ജനമനസ്സുകളില്‍ ഉറച്ചു നില്‍ക്കുന്നു. ഇതിനിടയിലാണ് സി പി എമ്മിന്റെ മുന്‍ നിര നേതാക്കളായ അഞ്ചു പ്രമുഖര്‍ സി പി എമ്മിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചു പാര്‍ട്ടിയില്‍ നിന്നു മാറുകയും കോണ്‍ഗ്രസ് പിന്തുണയോടെ നിയമസഭയിലേക്കു മത്സരിക്കുകയും ചെയ്യുന്നത്. ഇവരില്‍ ആരു ജയിച്ചാലും അതു സി പി എമ്മിനുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല. മാത്രമല്ല, ഇടതു മുന്നണിക്ക് ഭരണം നഷ്ടപ്പെടുക കൂടി ചെയ്താല്‍ അതു പാര്‍ട്ടിയുടെ പ്രസക്തിയും അസ്തിത്വവും തകര്‍ക്കുമെന്നും ദേശീയതലത്തില്‍ പിന്നീടൊരു തിരിച്ചു വരവ് അതിസാഹസികമായിരിക്കുമെന്നും പ്രവര്‍ത്തകര്‍ കരുതുന്നു.
കേരളത്തിലെ രാഷ്ട്രീയമേഖലയില്‍ അതിശക്തനായിരുന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയെ തോല്‍പ്പിക്കുകയും തുടര്‍ച്ചയായി മൂന്നു തവണ അതേ മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ഭൂരിപക്ഷം അരലക്ഷം വോട്ടുവരെ ഉയര്‍ത്തുകയും ചെയ്ത ആയിഷപോറ്റി പാര്‍ട്ടിയില്‍ നിന്നു മാറേണ്ടിവന്ന സാഹചര്യം കൊട്ടാരക്കരയിലെ സി പി എം പ്രവര്‍ത്തകരെ മാത്രമല്ല, മറ്റു വോട്ടര്‍മാരെയും ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെയും നേരിയതോതില്‍ എങ്കിലും അസ്വസ്ഥരാക്കുന്നുണ്ടെന്ന് ഉറപ്പാണ്. സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുള്ള ഈ പ്രതിഷേധത്തെ അച്യുതാനന്ദന്‍, പിണറായി മന്ത്രിസഭകളില്‍ മന്ത്രിയും നിരവധി തവണ എംഎല്‍എയും ആയിരുന്ന ജി.സുധാകരനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ച സംഭവങ്ങളും ആളിക്കത്തിക്കുന്നു. പാലക്കാട് ജില്ലയിലെ പ്രമുഖ സിപിഎം നേതാവും എംഎല്‍എയും ആയിരുന്ന പി കെ ശശിയും സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ ഈ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ട്. പാര്‍ട്ടിയെ കുടുംബത്തിന് അടിയറ വെക്കുന്നുവെന്ന് ആരോപിച്ചാണ് കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ മത്സരിക്കുന്ന തളിപ്പറമ്പില്‍ മത്സരരംഗത്തുള്ളത്. രക്തസാക്ഷി ഫണ്ട് മുക്കിയവരെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന് കണക്കുകള്‍ വെളിപ്പെടുത്തി പാര്‍ട്ടിക്കുള്ളില്‍ ദീര്‍ഘനാളായി നടത്തിവരുന്ന പോരാട്ടങ്ങളില്‍ നടപടി ഉണ്ടാക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഎം വിട്ട് പയ്യന്നൂരില്‍ മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന്‍ ജയിച്ചാലും ഇല്ലെങ്കിലും അദ്ദേഹം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ എന്നും വേട്ടയാടി കൊണ്ടിരിക്കുമെന്ന് ഉറപ്പാണ്. സിപിഎമ്മിനുണ്ടായ ഈ അനുഭവം സഖ്യകക്ഷിയായ സിപിഐയെയും ബാധിച്ചിട്ടുണ്ട് തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക എംഎല്‍എ ആയിരുന്ന സി സി മുകുന്ദന്‍ ആ പാര്‍ട്ടി വിട്ട് ആഭിമുഖ്യം പ്രകടിപ്പിച്ചത് ബിജെപിയോട് ആണ്. നാട്ടികയില്‍ ബിജെപി പിന്തുണയോടെ അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്നു.

സി പി എമ്മിനും സി പി ഐക്കും ഇവരുടെ കലാപം ഒറ്റപ്പെട്ട സംഭവമായി കരുതാനാവില്ല. കമ്മ്യൂണിസത്തിനും ഇടതു മുന്നണിക്കും ബാധിച്ച ധാതുക്ഷയമായി കാലം അടയാളപ്പെടുത്തുമെന്നുറപ്പാണ്. സംസ്ഥാനത്തും ദേശീയ തലത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും ഇടതു മുന്നണി സംവിധാനത്തെയും അതിന്റെ നിലനില്‍പ്പിനെയും ഈ സ്ഥാനാര്‍ത്ഥികളുടെ ജയാപജയങ്ങള്‍ സ്വാധീനിക്കുമെന്നു പൊതുവെ കരുതുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page