തിരുവല്ല: ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് വൈകിട്ട് തിരുവല്ലയിലെത്തിയ പ്രധാനമന്ത്രിയെ അഭൂതപൂര്‍വ്വമായ ജനക്കൂട്ടം ആഹ്‌ളാദഭരിതരായി വരവേറ്റു. പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരേ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി സംസ്ഥാനത്ത് പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് പറഞ്ഞു.

ജനക്കൂട്ടം ആര്‍പ്പുവിളികളും ഹസ്താരവവും കൊണ്ട് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ സ്വാഗതം ചെയ്തു. പത്തനംതിട്ട ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രധാനമന്ത്രി ആള്‍ക്കൂട്ടത്തിന് പരിചയപ്പെടുത്തി. നേതാക്കന്മാര്‍ അദ്ദേഹത്തെ ഹാരാര്‍പ്പണം ചെയ്തു. ഷോള്‍ അണിയിക്കുകയും ഉപഹാരങ്ങളായി ആറന്‍മുള കണ്ണാടിയും കഥകളി രൂപവും ക്രിസ്തുവിന്റെ രൂപവും, ശൂലവും, പടയണി തപ്പും, മോദിയുടെ ചിത്രവും പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
കേരളത്തില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ അദ്ദേഹം അനുസ്മരിച്ചു. രാജ്യത്തിന്റെ സന്തുലിത വികസനം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ എപ്പോഴും ജാഗരൂകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ച ശബരി പാത ഉള്‍പ്പെടെയുള്ള പദ്ധതികളെ കുറിച്ചു അദ്ദേഹം വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച വിവിധ പദ്ധതികളെ കുറിച്ചു അദ്ദേഹം എടുത്തുപറഞ്ഞു. ജനങ്ങളുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എടുത്തുപറഞ്ഞ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ മുന്തിയ പരിഗണനയാണ് സര്‍ക്കാരിനുള്ളതെന്ന് പറഞ്ഞു.

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളും അദ്ദേഹം എടുത്തുപറഞ്ഞു. കേരളത്തില്‍ വിവിധ മേഖലകളുടെ വികസനത്തിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വേണ്ടത്രയുണ്ട്. എന്നാല്‍ അവ പ്രയോജനപ്പെടുത്താന്‍ ഇടത്-വലത് സര്‍ക്കാരുകള്‍ തയാറാകാതിരുന്നതാണ് കേരളത്തെ പിന്നോക്കാവസ്ഥയിലേക്ക് തള്ളിവിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വികസനം തിരുവല്ലയില്‍ തുടങ്ങണമെന്നും അതിന് ജനങ്ങളുടെ ഒറ്റക്കെട്ടായ മുന്നേറ്റം ഉണ്ടാകണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. തിരുവല്ലയിലെ പൊതുയോഗത്തിനുശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് ഒന്നര കിലോമീറ്റര്‍ റോഡ് ഷോ പ്രധാനമന്ത്രി നടത്തുന്നുണ്ട്.







