10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭാര്യയേയും മക്കളേയും വെള്ളക്കെട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി 13 വര്‍ഷത്തിനുശേഷം പിടിയില്‍

കോഴിക്കോട്: 10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭാര്യയേയും മക്കളേയും വെള്ളക്കെട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 13 വര്‍ഷത്തിനുശേഷം പൊലീസ് അറസ്റ്റുചെയ്തു. അരീക്കോട് വാവൂര്‍ സ്വദേശി മുഹമ്മദ് ശരീഫ് ആണ് കര്‍ണാടകയില്‍ അറസ്റ്റിലായത്. പേരും രൂപവും മാറ്റി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

2013 ജൂലൈ 21നാണ് ഭാര്യ ഒളവട്ടൂര്‍ സ്വദേശി സാബിറ(21)യെയും മക്കളായ ഫാത്തിമ ഫിദ(4)ഹൈഫ(2) എന്നിവരെയും മുഹമ്മദ് ശരീഫ് പെരുമ്പറയിലെ പെരിങ്കടവ് പഞ്ചായത്ത് റോഡ് ജംഗ്ഷനടുത്തുള്ള വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ ഓടിച്ചിറക്കി കൊലപ്പെടുത്തിയത്. പെരുന്നാളിന് വസ്ത്രങ്ങളെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. ടയര്‍ പഞ്ചറായി വാഹനം വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നുവെന്നാണ് മുഹമ്മദ് ശരീഫ് പറഞ്ഞത്. സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

സംഭവത്തിന് രണ്ട് മാസം മുന്‍പ് ഇയാള്‍ ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തിരുന്നു. അത് കൈക്കലാക്കി മറ്റൊരാളെ വിവാഹം കഴിച്ച് ആഡംബര ജീവിതം നയിക്കാനായിരുന്നു ഇയാള്‍ ക്രൂരമായ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 2013 ജൂലൈ 23ന് ഷെരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ജാമ്യം കിട്ടിയ ശരീഫ് കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. വയനാട്, ഗൂഡല്ലൂര്‍, കണ്ണൂര്‍, എടക്കര എന്നിവിടങ്ങളില്‍ ഇയാളെ കണ്ടതായി പലരും വെളിപ്പെടുത്തിയെങ്കിലും പൊലീസിന് കണ്ടെത്താനായില്ല.

ഇതിനിടെ കര്‍ണാടകയില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് മംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ഷെരീഫിനെ കണ്ടെത്തിയത്. മംഗളൂരുവില്‍ പുതിയ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം മറ്റൊരു പേരില്‍ രൂപം മാറ്റിയായിരുന്നു ഇയാള്‍ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page