വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂര്‍ബിന രാജിവച്ചു

കോഴിക്കോട്: വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂര്‍ബിന റഷിദ് രാജിവച്ചു. വനിതാ ലീഗിനോടുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും സംഘടനയുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളിലും വനിതാ ലീഗിനോട് പ്രകടിപ്പിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അവര്‍ പറഞ്ഞു. ഭാരവാഹിത്തം രാജിവച്ചെങ്കിലും പാര്‍ട്ടി വിടില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്ക് വേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ച വനിതാ നേതാക്കളെ തഴയുന്നത് ജനാധിപത്യപരമായ നീതിയല്ലെന്നു അവര്‍ ഓര്‍മ്മിപ്പിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കിയപ്പോള്‍ അനുഭവസമ്പത്തുള്ള വനിതകളെ വിസ്മരിച്ചു. പാണക്കാട് തങ്ങളെ വിമര്‍ശിച്ചവര്‍ക്കാണ് സീറ്റ് നല്‍കിയത്. ഫാത്തിമ തഹലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ പ്രതിനിധികളല്ല. വനിതാ ലീഗ് അണികളുടെ വേദനയാണ് പങ്കുവെച്ചതെന്നും സ്ഥാനാര്‍ഥി പട്ടികയെ സ്വീകരിക്കുന്നുവെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.

താന്‍ ലീഗില്‍ അടിയുറച്ച് വിശ്വസിക്കുന്ന ആളാണ്. സ്ഥാനമാനങ്ങള്‍ ലക്ഷ്യം വെച്ചല്ല സംസാരിക്കുന്നത്. എത്ര വലിയ സ്ഥാനം വാഗ്ദാനം ചെയ്താലും പാര്‍ട്ടി വിടില്ല. പറയേണ്ടത് പറഞ്ഞില്ലെങ്കില്‍ തന്റെ വ്യക്തിത്വം ഇല്ലാതാകുമെന്നും വനിതാ ലീഗ് ഇന്നലത്തെ മഴയില്‍ പൊട്ടിമുളച്ച തകരയല്ലെന്നും സമൂഹമാധ്യമങ്ങളിലെ വെട്ടുകിളി കൂട്ടത്തെ ഭയമില്ലെന്നും ലീഗിന്റെ വനിതാ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനിറങ്ങണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും നൂര്‍ബിന തുടര്‍ന്ന് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page