മകന്റെ അസുഖം മാറാന്‍ മകളെ നരബലി നല്‍കി; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് വരുത്താനും ശ്രമം; മാതാവടക്കം 3 പേര്‍ അറസ്റ്റില്‍

റാഞ്ചി: ഇളയ മകന്റെ അസുഖം മാറാന്‍ കന്യകയെ ബലി നല്‍കണമെന്ന മന്ത്രവാദിനിയുടെ വാക്കുകള്‍ കേട്ട് 13 കാരിയായ മകളെ നരബലി നല്‍കിയ മാതാവും കൂട്ടുപ്രതികളും ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ കുസുംഭ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനിയായ ശാന്തി ദേവി(55), സഹായി ഭീം റാം(40) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

രശ്മി ദേവിയുടെ ഇളയ മകന്‍ ശാരീരികവും മാനസികവുമായ അസുഖങ്ങള്‍ കാരണം ചികിത്സയിലാണ്. ഇതില്‍ കുടുംബം ദു:ഖിതരായിരുന്നു. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് രശ്മി ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. മകന്റെ അസുഖങ്ങള്‍ പൂര്‍ണമായും മാറണമെങ്കില്‍ ഒരു കന്യകയെ ദുര്‍ഗാഷ്ടമി ദിവസം ബലി നല്‍കണമെന്ന് മന്ത്രവാദിനി രശ്മിയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് 24ന് ദുര്‍ഗാഷ്ടമി ദിവസം രാത്രി ശാന്തി ദേവിയുടെ വീട്ടില്‍ വച്ച് അമ്മ രശ്മിയും ഭീം റാമും ചേര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഭാര്യാസഹോദരിയുടെ കൊലപാതകം ഉള്‍പ്പെടെ മറ്റ് രണ്ട് കേസുകളില്‍ പ്രതിയാണ് ഭീം റാം എന്ന് പൊലീസ് പറഞ്ഞു. മകളെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് രശ്മി പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

കൊലപാതകത്തിനു ശേഷം മന്ത്രവാദിനി പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ തടിക്കഷ്ണങ്ങള്‍ കുത്തിക്കയറ്റുകയും ശരീരത്തില്‍ മാരകമായി മുറിവേല്‍പ്പിക്കുകയും രക്തം ശേഖരിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം ഒരു തോട്ടത്തില്‍ കുഴിച്ചിട്ടു. മാത്രമല്ല ബലാത്സംഗക്കൊലയാണെന്ന് വരുത്തിത്തീര്‍ത്ത് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും കൊലയാളികള്‍ ശ്രമിച്ചു. എന്നാല്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മരണം കൊലപാതകമെന്ന് തെളിയുകയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുടുങ്ങുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page