വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്ന് സിഗരറ്റ് വലിച്ച് ഗൂഗിള്‍ ടെക്കി; ചോദ്യം ചെയ്ത ജീവനക്കാരുടെ മുഖത്തേക്ക് പുക ഊതി; വ്യാപക വിമര്‍ശനം

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്നു സിഗരറ്റ് വലിക്കുന്ന ഗൂഗിള്‍ ടെക്കിയുടെ ദൃശ്യങ്ങള്‍ പുറത്ത്. പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നത് വ്യാപക വിമര്‍ശനങ്ങള്‍. ഉത്കര്‍ഷ് ഗൗതം എന്ന ആളാണ് വിലക്ക് അവഗണിച്ച് അശ്രദ്ധമായി റണ്‍വേയില്‍ നിന്ന് സിഗരറ്റ് വലിച്ചത്. തന്നെ ചോദ്യം ചെയ്ത ജീവനക്കാരോട് തട്ടിക്കയറിയ ഇയാള്‍ ജീവനക്കാരുടെ നേരെ പുക ഊതിവിടുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

പ്രദേശത്ത് പുലവലി നിരോധനമുണ്ടെന്ന് ഗ്രൗണ്ട് ജീവനക്കാര്‍ പറഞ്ഞതോടെ മുന്നറിയിപ്പുകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെ ഇയാള്‍ പുകവലി തുടരുകയായിരുന്നു. മാത്രമല്ല, പുലവലി നിരോധനത്തിന്റെ ഉത്തരവ് ഹജരാക്കാന്‍ ഇയാള്‍ ജീവനക്കാരോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ഇയാള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നു.

വിമാനത്താവളങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകളുടെ ഗൗരവം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. വിമാനത്താവളങ്ങള്‍ സെന്‍സിറ്റീവായ സുരക്ഷാ മേഖലകളാണെന്നും ഇത്തരം നിയമ ലംഘനങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ആജീവനാന്ത വിലക്കും വിശദമായ സുരക്ഷാ അന്വേഷണവും ചിലര്‍ ആവശ്യപ്പെട്ടു.

തീപിടുത്ത അപകടങ്ങളും വ്യോമയാന ഇന്ധന അപകട സാധ്യതകളും കണക്കിലെടുത്താണ് വിമാനത്താവളങ്ങളില്‍ കര്‍ശനമായ പുകവലി നിരോധന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇത്തരം നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴകളോ യാത്രാ നിരോധനങ്ങളോ നേരിടേണ്ടിവന്നേക്കാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page