തെരഞ്ഞെടുപ്പ് പ്രചരണ ബോർഡ് സ്ഥാപിച്ചതിലെ തർക്കം: യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു

തലശേരി: തളിപ്പറമ്പ് മുക്കുന്ന് പയാടകത്ത് പ്രജുല്‍ (22)വധക്കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് തലശേരി അഡീ. സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് ഫിലിപ്പ് തോമസ് വെറുതെവിട്ടു. മുക്കുന്ന് സ്വദേശികളായ റിട്ട.എസ്.ഐ: എന്‍.വി ചന്തുക്കുട്ടി, സഹോദരങ്ങളായ കൃഷ്ണന്‍ നമ്പ്യാര്‍, ഭാസ്‌കരന്‍ നമ്പ്യാര്‍, കൃഷ്ണന്‍ നമ്പ്യാരുടെ മക്കളായ പ്രകാശന്‍, രാധാകൃഷ്ണന്‍ എന്നിവരെയാണ് വെറുതെവിട്ടത്.
2014 മെയ് 13നായിരുന്നു കേസിനാസ്പദമായ സംഭവം. കല്യാശേരി കപ്പോത്ത്കാവിനടുത്തുള്ള പയ്യന്‍പുത്തന്‍വീട്ടില്‍ പ്രഭാകരന്‍- യശോദ ദമ്പതികളുടെ മകനായ പ്രജുല്‍ ആണ് കൊല്ലപ്പെട്ടത്. 2014- ലെ ലോക്‌സഭ തിരഞ്ഞെടുപ്പു വേളയില്‍ ഒരുവിഭാഗത്തിന്റെ പ്രചരണബോര്‍ഡ് സ്വന്തം പറമ്പില്‍ സ്ഥാപിക്കാന്‍ അനുവദിച്ചതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബോര്‍ഡ് വെക്കുന്നതിനെ എതിര്‍ത്ത അയല്‍വാസികളായ സംഘം വൈകിട്ട് വീട്ടിലെത്തി പ്രഭാകരനെയും യശോദയെയും പ്രഭാകരന്റെ അളിയന്‍ ഭാസ്‌കരനെയും ആക്രമിക്കുകയായിരുന്നു. അക്രമം തടയാന്‍ ഓടിയെത്തിയ പ്രജുലിനെയും കത്തിവാള്‍ തുടങ്ങിയ മാരക ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചുവെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ പ്രജുല്‍ ചികിത്സയില്‍ കഴിയവെ 21നാണ് മരണപ്പെട്ടത്. പ്രജുലിന്റെ അമ്മയുടെ വീടാണ് മുക്കുന്ന്. പ്രജുല്‍ ഇവിടെ താമസിച്ചാണ് വിദ്യാഭ്യാസം നടത്തിയിരുന്നത്.
സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സി.കെ ശ്രീധരനെ നിയമിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ എസ്.ഐയായിരുന്നു ചന്തുക്കുട്ടി. കേസ് വിചാരണ നടക്കുമ്പോള്‍ ഇയാള്‍ മരണമടഞ്ഞിരുന്നു. കേസില്‍ പ്രതികള്‍ക്കായി നിക്കോളസ് ജോസഫ് ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page