കായംകുളത്തെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച ലീഗ് നേതാവിനെ പുറത്താക്കി; മുസ്ലീംലീഗ് ജനമനസ്സുകളിലേയ്ക്ക്

കോഴിക്കോട്: മുസ്ലീംലീഗിനെക്കുറിച്ച് ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും സംസ്ഥാനത്ത് ആര്‍ജ്ജവവും പ്രശ്‌നങ്ങളില്‍ വ്യക്തമായ നിലപാടുമുള്ള പാര്‍ട്ടിയാണ് അതെന്ന കാര്യത്തില്‍ നാട് യോജിക്കുന്നു.
സമാന സംഭവങ്ങളിലും അതിലും കടുപ്പമേറിയ കാര്യങ്ങളിലും ആദര്‍ശാധിഷ്ഠിത- പ്രത്യയ ശാസ്ത്രാധിഷ്ഠിത പാര്‍ട്ടികള്‍ കണ്ണും കാതും പൊത്തിപ്പിടിച്ചു നാവു കൊണ്ടു ആഗോള പ്രശ്‌നങ്ങളിലും അപ്രസക്ത കാര്യങ്ങളിലും തലയിട്ടടിക്കുന്ന സമകാല സാഹചര്യത്തില്‍ മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റും യു ഡി എഫ് കായംകുളം മണ്ഡലം പ്രസിഡന്റുമായ ഇര്‍ഷാദിനെ തല്‍ക്ഷണം ആ സ്ഥാനങ്ങളില്‍ നിന്നു ലീഗ് നേതൃത്വം നീക്കം ചെയ്തു. മാത്രമല്ല, അധികം താമസിയാതെ അയാളെ മുസ്ലീംലീഗിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു.
ഇത്തരം ആരോപണങ്ങളും ഇതിലും വലിയ ആക്ഷേപങ്ങളും നേരിടുകയും നിയമനടപടികള്‍ക്കു വിധേയരാവുകയും ചെയ്ത എത്രയോ രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികളും വ്യത്യസ്ഥ ഭരണചുമതലകള്‍ വഹിക്കുന്നവരും വിവിധ പാര്‍ട്ടികളിലുണ്ട്. ആദര്‍ശം പറഞ്ഞു അണികളെ രോമാഞ്ചപ്പെടുത്താറുള്ള അത്തരം പാര്‍ട്ടികള്‍ ആരോപണ വിധേയരുടെ ചെറുരോമത്തില്‍ തൊടാന്‍ പോലും തയ്യാറാവാത്ത സാഹചര്യത്തിലാണ് മുസ്ലീംലീഗ് നേതൃത്വം മാതൃകാപരവും ശ്രദ്ധേയവുമായ ഈ നിലപാട് പ്രകടിപ്പിച്ചത്. ലീഗിന്റെ ഈ നടപടി മുസ്ലീംലീഗ് നേതൃത്വത്തിന്റെ ആര്‍ജവത്തില്‍ ആളുകള്‍ക്കു മതിപ്പു വര്‍ധിപ്പിക്കുന്നു.
ചൊവ്വാഴ്ച നടന്ന കായംകുളം മണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷനിലാണ് മുന്നണി മണ്ഡലം പ്രസിഡന്റ് എ ഇര്‍ഷാദ് മണ്ഡലം എം എല്‍ എയും ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുമായ യു പ്രതിഭക്കെതിരെ അധിക്ഷേപകരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണത്തിനെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിഭ പലവട്ടം വിതുമ്പുകയായിരുന്നു. യു ഡി എഫ് ചെയര്‍മാന്റെ അധിക്ഷേപകരമായ ആരോപണത്തില്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ലിജു ഖേദം പ്രകടിപ്പിച്ചിരുന്നു.
യു ഡി എഫിന്റെ മണ്ഡലം ചെയര്‍മാനായി എച്ച് ബഷീര്‍കുട്ടിയെ ലീഗ് നേതൃത്വം നിയോഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page