വിഎസിന്റെ മുന്‍ പിഎ എ. സുരേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; മലമ്പുഴയില്‍ മത്സരിക്കും

പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.സുരേഷിന് പാലക്കാട് ഡിസിസി ഓഫീസില്‍ വെച്ച് പ്രസിഡന്റ് എ തങ്കപ്പന്‍ അംഗത്വം നല്‍കി. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുരേഷ് മത്സരരംഗത്തിറങ്ങും. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചാലുടന്‍ മണ്ഡലത്തില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് നേരത്തെ സുരേഷ് വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് പ്രവേശനം താന്‍ സ്വയമെടുത്ത തീരുമാനമാണെന്ന് സുരേഷ് വ്യക്തമാക്കി. മലമ്പുഴയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ ജനങ്ങള്‍ക്ക് മടിയില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാര വോട്ടുകള്‍ ബിജെപിയിലേക്ക് പോകാതിരിക്കാന്‍ കൂടിയാണ് സുരേഷ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയായി മലമ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. ഇത്തവണ പരമാവധി വോട്ടുകള്‍ നേടുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

നേരത്തെ വി.ഡി. സതീശന്‍ നയിച്ച ‘പുതുയുഗ യാത്ര’യുടെ പാലക്കാട്ടെ സ്വീകരണ വേദിയില്‍ സുരേഷ് എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് അദ്ദേഹത്തെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. അന്ന് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്നതിനോട് വിമുഖത കാട്ടിയിരുന്നുവെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ആ തീരുമാനം തിരുത്തുകയാണെന്ന് സുരേഷ് പറഞ്ഞു.

സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സുരേഷ് നടത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് ഇപ്പോള്‍ പേരില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണെന്നും ഇടതുപക്ഷ മൂല്യങ്ങള്‍ പൂര്‍ണ്ണമായും ചോര്‍ന്നുപോയെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം വിട്ട ടി.കെ. ഗോവിന്ദന്റെ നിലപാടിനെയും സുരേഷ് പരാമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സഖാക്കള്‍ എത്രത്തോളം വേദനയോടെയാണ് ഇപ്പോള്‍ പടിയിറങ്ങുന്നതെന്ന് ഗോവിന്ദന്റെ പത്രസമ്മേളനം കണ്ടാല്‍ മനസ്സിലാകുമെന്നും സുരേഷ് പറഞ്ഞു. ഇടതുപക്ഷത്തില്‍ ഇത്രത്തോളം ആഭ്യന്തര പ്രശ്നങ്ങളുണ്ടായ ഒരു തിരഞ്ഞെടുപ്പ് കാലം ചരിത്രത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page