കാസര്‍കോട്: ഷിറിയ പുഴയില്‍ പൊലീസിനെ കണ്ട് തോണിയില്‍ നിന്ന് പുഴയില്‍ ചാടി കാണാതായ യുവാവിനായുള്ള തിരിച്ചില്‍ മൂന്നാം ദിവസവും തുടങ്ങി. ആരിക്കാടി സ്വദേശി ഇബ്രാഹീമി(35)നെയാണ് കാണാതായത്. കുമ്പള പൊലീസും തീരദേശ പൊലീസും മല്‍സ്യത്തൊഴിലാളികളുമാണ് തിരിച്ചില്‍ നടത്തുന്നത്. ഫിഷറീസിന്റെ രണ്ടുബോട്ടുകളും സ്‌കൂബ ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്. കടല്‍ ഭാഗത്തും ബുധനാഴ്ച തിരച്ചില്‍ നടത്തും. അതിനിടെ ഫിഷറീസ് മന്ത്രി വിഇ അബ്ദുല്‍ ഗഫൂര്‍ കാണാതായ ഇബ്രാഹിമിന്റെ വീട് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ കണ്ട് സമാശ്വസിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് യുവാവിനെ പുഴയില്‍ വീണ് കാണാതാകുന്നത്. അനധികൃത മണല്‍ക്കടത്ത് പിടികൂടാനെത്തിയ തീരദേശ പൊലീസിനെ കണ്ട് തോണി ഉപേക്ഷിച്ച് മൂന്നുതൊഴിലാളികള്‍ പുഴയില്‍ ചാടുകയായിരുന്നു. രണ്ടുപേര്‍ നീന്തി കരക്കെത്തിയിരുന്നു. ഇബ്രാഹിമിനെ രക്ഷപ്പെടുത്താന്‍ രാത്രി തന്നെ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.







