കാസര്‍കോട്ട് നിന്നു സുള്ള്യയിലേക്ക് 5 മണിക്കു സ്‌റ്റേറ്റ് ബസ് സര്‍വ്വീസ് വേണം -യാത്രക്കാര്‍

കാസര്‍കോട്: കെഎസ്ആര്‍ടിസിയുടെ പരിഷ്‌കാരങ്ങള്‍ കെഎസ്ആര്‍ടിസിക്കു നേട്ടമുണ്ടാക്കുന്നില്ലെന്നു മാത്രമല്ല, സ്ഥിരം യാത്രക്കാരെ വിഷമിപ്പിക്കുകയുമാണെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കാസര്‍കോട്-സുള്ള്യ റൂട്ടില്‍ വൈകിട്ട് 5.30ന് നേരത്തെ ഒരു കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നടത്തിയിരുന്നു. അതു നിറുത്തി. എന്നാല്‍ 4.50നു പുറപ്പെട്ടു കൊണ്ടിരുന്ന ബസിന്റെ സമയം അഞ്ചു മണിയാക്കണമെന്നും അങ്ങനെ ചെയ്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സ്ഥിരം യാത്രക്കാര്‍ക്കു അതു ഗുണകരമാവുമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും റൂട്ടും സര്‍വ്വീസ് സമയവും നിശ്ചയിക്കുന്നതു നിയമമനുസരിച്ചാണെന്നും അത് ആര്‍ക്കാണ് ലംഘിക്കാന്‍ കഴിയുകയെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പരാതിക്കാരോട് തിരിച്ചു ചോദിച്ചു കൊണ്ടിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. എല്ലാം നിയമപരമായി നടക്കുന്നെങ്കില്‍ കെഎസ്ആര്‍ടിസിക്കു ശമ്പളത്തിനുള്ള പണം ബസോടിച്ചു ഉണ്ടാക്കാന്‍ കഴിയാത്തതെന്തു കൊണ്ടാണെന്നു യാത്രക്കാര്‍ക്ക് ചോദിക്കണമെന്നുണ്ട്. എന്നാല്‍ വെറുതെ എന്തിന് പൊല്ലാപ്പിനു നില്‍ക്കണമെന്ന നിലപാടില്‍ അവര്‍ പിന്തിരിയുന്നു. 4.50ന് സുള്ള്യയിലേക്ക് യാത്ര തിരിക്കുന്ന ബസിലും യാത്രക്കാര്‍ കുറവാണെന്നു പറയുന്നു. അതേ ബസ് അഞ്ചു മണിക്ക് ഓടുന്നതു കൊണ്ടു വരുമാനം കുറയുമെന്നുള്ള ആശങ്കയില്‍ കാര്യമില്ലെന്നും യാത്രക്കാര്‍ പറയുന്നു. കെഎസ്ആര്‍ടിസി ലാഭമുണ്ടാക്കാനുള്ള സ്ഥാപനമല്ലെന്നും യാത്രക്കാര്‍ക്കു ഗുണമുണ്ടാക്കുകയാണ് അതിന്റെ ലക്ഷ്യമെന്നും അതു കൊണ്ടാണ് സര്‍ക്കാര്‍ മാസന്തോറും കോടിക്കണക്കിനു രൂപ ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസിക്കു നല്‍കിക്കൊണ്ടിരിക്കുന്നതെന്നും പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page