മുൻ പ്രവാസിയുടെ വീട്ടിലും, ടെറസിലും പച്ചക്കറി കൃഷി; നൂറുമേനി വിളവെടുപ്പ്

മൊഗ്രാൽ : വെറുതെ വീട്ടിലിരിക്കുന്നതിൽ മടുപ്പു തോന്നിയ പ്രവാസി വീട്ടിലും വീട്ടിനു മുകളിലെ ടെറസിലും കൃഷിയിറക്കിയത് വെറുതെയായില്ല – നൂറുമേനി വിളവെടുത്തു . മൊഗ്രാലിലെ മുൻ പ്രവാസിയും,സാമൂഹിക പ്രവർത്തകനുമായ എംജിഎ റഹ്മാന്റെ പണി കണ്ടു നാട്ടുകാർ മൂക്കത്തു വിരൽ വയ്ക്കുന്നു.

മൂന്ന് പതിറ്റാണ്ടുകാലത്തെ ദുബായിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് എം ജി എ റഹ്മാൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ വീട്ടിലെ വിശ്രമത്തിനൊപ്പം കൈത്തൊഴിൽ എന്തെങ്കിലും വേണമല്ലോ എന്ന് ആലോചിച്ചു. “അടുക്കളത്തോട്ടം” ഉണ്ടാക്കിയാൽ എന്തേ എന്ന് തോന്നിയത് അങ്ങനെയാണ്.പിന്നീട് കൂടുതലൊന്നും ആലോചിച്ചില്ല.ആരുമായും ചർച്ചനടത്തിയതുമില്ല. വീട്ടിലും വീട്ടിനു മുകളിലും കൃഷി തുടങ്ങി.അതു വലിയ വിജയമായതിലുള്ള സന്തോഷത്തിലാണ് ഇപ്പോൾ എംജിഎ റഹ്മാൻ.

ഏതൊരാൾക്കും എളുപ്പത്തിൽ തങ്ങളുടെ കൊച്ചു സ്ഥലത്ത് പോലും കൃഷിയൊരുക്കാം എന്നതിനാൽ എംജിഎ റഹ്മാന്റെ അടുക്കളത്തോട്ടം അനുകരണീയമാണ്.തന്റെ അടുക്കളത്തോട്ടത്തിലെ വിളവെടുപ്പും,കൃഷി രീതികളും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമ്പോൾ എംജിഎ റഹ്മാൻ നാട്ടുകാർക്ക് വിലപ്പെട്ട കൃഷി അനുഭവം പകർന്നു നൽകുന്നു.അടുക്കളയിലെ ചാരമാണ് കൃഷിക്കുള്ള പ്രധാന വളം.

കക്കിരി,ചീര, കോവയ്ക്ക, തക്കാളി,ബസള, മറ്റു ഇല വർഗ്ഗങ്ങൾ തുടങ്ങിയ പച്ചക്കറികളാണ് എംജിഎ റഹ്മാന്റെ അടുക്കളത്തോട്ടത്തിലുള്ളത്.വിത്ത് മുളപ്പിച്ച് എടുത്താണ് ചീര പോലുള്ള കൃഷി ചെയ്യുന്നത്.കുപ്പി കമ്പോസ്റ്റ് അടക്കം കൃഷിയിൽ വളരെ കുറഞ്ഞ ചെലവിൽ വളം ഒരുക്കാൻ നൂതന കൃഷി മാർഗ്ഗങ്ങൾപ്രയോജനപ്പെടുത്തുന്നു. കീടങ്ങളെ അകറ്റാനുള്ള ചെലവ് കുറഞ്ഞ മാർഗങ്ങൾ നടത്തി ആർക്കുവേണമെങ്കിലും തങ്ങളുടെ അടുക്കള ഉപയോഗപ്പെടുത്തി ജൈവകൃഷിയിലൂടെ വിഷരഹിത പച്ചക്കറി ഒരുക്കാമെന്ന് കാണിച്ചുതരുന്നു.

മണ്ണില്ലാ കൃഷി(ഹൈഡ്രോപോണിക്)രീതിയാണ് അടുക്കളത്തോട്ടത്തിന് റഹ്മാൻ തിരഞ്ഞെടുത്തത്.ഇത് ലോകത്തിലെ ചെറിയ ചെറിയ രാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ച കൃഷി രീതിയാണ്. ഒരേക്കർ സ്ഥലത്ത് ചെയ്യുന്ന പച്ചക്കറി കൃഷി വീട്ടുവളപ്പിലെ 10 സെന്റ് സ്ഥലത്ത് ചെയ്യാൻ പറ്റും എന്നതാണ് ഹൈഡ്രോപോണിക്ക് കൃഷി രീതി.കുപ്പി,ട്യൂബ്, പൈപ്പുകൾ മുതലായവ ഉപയോഗപ്പെടുത്തി കൊണ്ടാണ് ഈ നൂതന കൃഷി ചെയ്യുന്നത്. എംജിആർ റഹ്മാൻ വീട്ടുപറമ്പ് പച്ചക്കറിത്തോട്ടമാക്കിയപ്പോൾ ഇത് നേരിട്ട് കാണാൻ കുമ്പള കൃഷി ഭവനിൽ നിന്ന് ജീവനക്കാരും , മൊഗ്രാൽ സ്കൂളിൽ നിന്ന് അധ്യാപകരും പിടിഎ കമ്മിറ്റികളും വന്നിരുന്നു.

ഇപ്രാവശ്യത്തെ വിളവെടുപ്പ് വിജയകരമായതിനെ തുടർന്ന് ഈ കൃഷി രീതി വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ എംജിഎ റഹ്മാൻ.കുമ്പള ഗ്രാമപഞ്ചായത്തിന്റെ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ ഇപ്രാവശ്യം എംജിഎ റഹ്മാന്റെ നിർദ്ദേശത്തെ തുടർന്ന് ഹൈഡ്രോപോണിക്ക് കൃഷിയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷി മേഖലയിൽ വർക്കിംഗ് ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ കൂടിയാണ് എംജിഎ റഹ്മാൻ.
എംജി റഹ്മാന്റെ പിതാവ് പരേതനായ അബ്ദുൽ ഖാദർ മൊഗ്രാലിലെ പഴയകാല കൃഷിക്കാര നാ യിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page