കാസര്‍കോട്: തൈക്കടപ്പുറത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു. തൈക്കടപ്പുറം സ്റ്റോര്‍ കവലയിലെ എവി ഹൗസില്‍ ഹനീഫയുടെ മകന്‍ എവി അജ്മലിനെ(22)യാണ് ശനിയാഴ്ച വൈകീട്ട് കാണാതായത്. കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പെട്ട് കാണാതാവുകയായിരുന്നു. അജ്മലിന്റെ മൊബൈല്‍ ഫോണും മറ്റും കരയില്‍ നിന്ന് കണ്ടെത്തിയിരുന്നു. വിവരത്തെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. സ്ഥലത്തെത്തിയ ഫിഷറീസ് വകുപ്പിന്റെയും തീരദേശ പൊലീസിന്റെയും രക്ഷാബോട്ടുകള്‍ കടലില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. കടലിലെ ഉയര്‍ന്ന തിരമാലകള്‍ തെരച്ചിലിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. അജ്മലിനെ കണ്ടെത്തുന്നതിന് കോസ്റ്റ് ഗാര്‍ഡിന്റെയും സഹായം തേടിയിരുന്നു. രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേരാണ് മൂന്നാം ദിവസവും തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.







