പാല്‍ വാങ്ങാന്‍ പോകുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണം; പുലിയെ കൈകൊണ്ട് കൊലപ്പെടുത്തി യുവാവ്

ചണ്ഡീഗഡ്: കൈകള്‍ കൊണ്ട് യുവാവ് പുള്ളിപ്പുലിയെ കൊന്നു. യുവാവിന്റെ സാഹസിക പ്രവൃത്തി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലെ സാര്‍ലി ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഐടിഐ വിദ്യാര്‍ത്ഥിയും ബാലക് റാമിന്റെ മകനുമായ പ്രവേഷ് ശര്‍മ്മയാണ് പുലിയെ കൈകള്‍ കൊണ്ട് കൊലപ്പെടുത്തി വാര്‍ത്തകളില്‍ നിറഞ്ഞത്. 12 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് പുലിയെ യുവാവ് കീഴ്‌പ്പെടുത്തിയത്.

രാവിലെ ഏഴു മണിക്ക് പാല്‍ വാങ്ങാന്‍ വയലിലൂടെ നടക്കുമ്പോള്‍ ഒരു വയസ്സുള്ള പുള്ളിപ്പുലി യുവാവിന് നേരെ പാഞ്ഞടുക്കുകയായിരുന്നു എന്ന് പറയുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ആദ്യം പകച്ചുനിന്ന യുവാവ് 12 മിനിറ്റോളം പുലിയുമായി സംഘട്ടനത്തില്‍ ഏര്‍പ്പെട്ടു.

ഒടുവില്‍ പുലിയുടെ താടിയെല്ലുകള്‍ പിടിച്ച് കഴുത്തിലും തലയിലും ഇടിക്കുകയായിരുന്നു. മര്‍ദനമേറ്റ് പുള്ളിപ്പുലി ചത്തു. പുലിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റെങ്കിലും ഗുരുതരമല്ലെന്നാണ് വിവരം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം ഡിവിഷണല്‍ ഓഫീസര്‍ രാജ്കുമാര്‍ ശര്‍മ്മ പരിക്കേറ്റ യുവാവിന് 5,000 രൂപ അടിയന്തിര സഹായം നല്‍കി. സ്‌കൂട്ടറില്‍ പോയ ഒരാളെ ആക്രമിച്ച ശേഷമാണ് പുള്ളിപ്പുലി യുവാവിന് നേരെ തിരിഞ്ഞതെന്ന് പ്രദേശവാസികള്‍ പറയുന്നു. മാര്‍ച്ച് ആറുമുതല്‍ പുള്ളിപ്പുലിയുടെ ഭീഷണി ഗ്രാമത്തില്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിരുന്നു. പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉണ്ട്.

യുവാവ് പുലിയെ കൊന്ന വാര്‍ത്ത അതിവേഗം തന്നെ പ്രചരിച്ചു. ഇതോടെ പലരും യുവാവിനെ അഭിനന്ദിച്ച് രംഗത്തെത്തി. ഒരു നാടിനെ മുഴുവനും മുള്‍മുനയില്‍ നിറുത്തിയ പുലിയെ ആണ് യുവാവ് കീഴ്‌പ്പെടുത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page