ഈ കാട്ടില്‍ പുലിയില്ല; നിയമനടപടികളുടെ ഭീകരമുഖം

കാസര്‍കോട്: ഈ കാട്ടില്‍ പുലിയില്ല. പക്ഷേ ചിത്രം കണ്ടാല്‍ ഏതോ ഭീകര ജീവിയുണ്ടെന്ന് ആരും ഭയപ്പെട്ടു പോവും. കാസര്‍കോട് കളക്ട്രേറ്റ് കെട്ടിടത്തിനു പിറകിലാണ് ഈ രൂപമുള്ളത്. അതിനോടു ചേര്‍ന്നു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു.
ഈ രൂപത്തിനടുത്തു കുറ്റിച്ചെടികള്‍ ഉണ്ട്. നേരത്തെ ഇത് വലിയ കാടായിരുന്നു. അന്ന് ആ കാട്ടിനുള്ളില്‍ ഒരു ടിപ്പര്‍ കാണാമായിരുന്നു. ലോറിയില്‍ ഉണ്ടായിരുന്ന പൂഴി ഇപ്പോഴുമുണ്ട്. ദശാബ്ദത്തോളമായി പൂഴിയുമായിക്കിടക്കുന്ന ലോറിയിലെ പൂഴിയിലും കാടു കയറിയിരുന്നു. ഇപ്പോള്‍ ടിപ്പറിന്റെ മുന്‍ വശത്തെ എഞ്ചിനുള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ ആവശ്യക്കാര്‍ ഇളക്കിയെടുത്തു കൊണ്ടുപോയി. അവശേഷിച്ച ഇരുമ്പു ഷീറ്റുകളും മരപ്പലകകളുമൊക്കെ ഭീതിപ്പെടുത്തുന്ന എന്തോ ആയി മാറിയിരിക്കുന്നു. സര്‍ക്കാരിന്റെയും സര്‍ക്കാരിന്റെ നിയമ നടപടികളുടെയും സ്വാഭാവിക ദാരുണാന്ത്യത്തിനു ദൃക്‌സാക്ഷിയായി ഒരു സര്‍ക്കാര്‍ ഓഫീസിനു മുന്നിലാണ് ഈ കോലമുള്ളത്. സര്‍ക്കാര്‍ ഓഫീസും ജീവനക്കാരും ഇടപെട്ടാല്‍ ഏതു സംഗതിയും ഇത്തരത്തില്‍ കലാശിക്കുമെന്നതിന്റെ പ്രതീകം പോലെ സര്‍ക്കാര്‍ ഓഫീസ് അതിനു മുന്നിലിട്ടു ഇതിനു കാവലിരിക്കുകയാണോയെന്നു വിവിധ ആവശ്യങ്ങള്‍ക്കു ജില്ലാ ഭരണ കേന്ദ്രത്തിലെത്തുന്നവര്‍ സംശയിക്കുന്നു.
അനധികൃത മണല്‍കടത്തിനു പിടികൂടിയ വാഹനമാണിതെന്നു കാണികള്‍ക്കു മനസ്സിലാവുന്നുണ്ട്. അനധികൃതമായി മണല്‍ കടത്തിയാല്‍ പിടികൂടണം. അതില്‍ അന്യായമില്ല. നിയമവിരുദ്ധമായി നടത്തിയ മണല്‍കടത്തിനു ശിക്ഷാനടപടിയും വേണം. അതിലും ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ദശാബ്ദത്തോടടുത്തിട്ടും ശിക്ഷയും നടപടിയുമുണ്ടാകാത്ത നിയമവും നിയമ പരിപാലനവും ജനങ്ങള്‍ക്കു വേണ്ടിയാണോ അതോ ജീവനക്കാര്‍ക്കുവേണ്ടിയാണോ, അതുമല്ലെങ്കില്‍ സര്‍ക്കാരിനു വേണ്ടിയാണോ എന്ന ആശങ്കയിലേക്കു സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം മാറുന്നു.
നിയമനടപടികള്‍ പൂര്‍ത്തിയാകേണ്ട, എന്നാണ് ഇതു സംബന്ധിച്ച ആരായലുകള്‍ക്കു ജീവനക്കാരുടെ മറുപടി. ആരാണ് ഈ നടപടികളൊക്കെ പൂര്‍ത്തിയാക്കേണ്ടത്? സമയത്ത് നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അതിനു കാരണം കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനും എന്തു തടസ്സമാണുള്ളത്? ഇനി, ദശാബ്ദത്തിനു ശേഷം നടപടി ഉണ്ടാവുമ്പോള്‍ അതിനു വിധേയനാവാന്‍ ലോറിയുടെ ഉടമ ജീവിച്ചിരിക്കുമെന്ന് ജീവനക്കാര്‍ക്ക് എന്താണുറപ്പ്. അഥവാ ജീവിച്ചിരുന്നാല്‍ നടപടിക്കു വിധേയനായ ശേഷം തന്റെ ലോറി തിരിച്ചു ചോദിച്ചാല്‍ നിയമ സംവിധാനം എന്തായിരിക്കും അയാള്‍ക്കു തിരിച്ചു നല്‍കുക?
കളക്ട്രേറ്റ് കോമ്പൗണ്ടില്‍ ഇത്തരത്തില്‍ ഒരു ലോറിയെ ഉള്ളൂ എന്ന് ആരും സമാധാനിക്കേണ്ടാ. കുറേ അടുത്തകാലത്തു നീക്കിയിരിക്കുന്നു. ഒന്നിനും കൊള്ളാതായതു ഇതുപോലെ പലേടങ്ങളിലുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page