11 വർഷത്തെ നിയമ പോരാട്ടം;മുക്കടയിലെ ഓമനകുമാരിക്ക് ഒടുവിൽ നീതി; തളിപ്പറമ്പ് ആർ.ഡി.ഒ യുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്തു

പയ്യന്നൂർ: നീതിക്കായി 11 വർഷത്തെ നീണ്ട നിയമ പോരാട്ടം. നീതിദേവത കണ്ണുതുറന്നിട്ടും നീതി നടപ്പിലാക്കാതിരിക്കാന്‍ അധികൃതരുടെ ഉരുണ്ടുകളി. അതിനെതിരെ നിലപാട് കടുപ്പിച്ച്കോടതി; തളിപ്പറമ്പ് ആര്‍.ഡി.ഒയുടെ സ്‌കോര്‍പ്പിയോ ജപ്തി ചെയ്തു.
ദീര്‍ഘകാലം മണക്കടവ് പോസ്റ്റോഫീസില്‍ പോസ്റ്റുമാസ്റ്ററായി സേവനം അനുഷ്ഠിച്ച കല്ലേലില്‍ ഓമനകുമാരിയാണ് നീതിക്കായി ഒരു പതിറ്റാണ്ടിലേറെ പോരാട്ടം നടത്തിയത്. ഇപ്പോൾ മണക്കടവ്, മുക്കടയില്‍ താമസിക്കുന്ന ഓമനകുമാരിയുടെ സ്വന്തംവീട് വായാട്ടുപറമ്പിലാണ്.

മണക്കടവില്‍ നിന്ന് 2010ല്‍ വായാട്ടുപറമ്പില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകവെ ഓമനകുമാരി അപകടത്തില്‍പ്പെട്ടിരുന്നു. റോഡരികില്‍ ബി.എസ്.എന്‍.എല്‍ കേബിള്‍ വലിക്കുന്നതിന് എടുത്ത കുഴിയിൽ വീണു ഉണ്ടായ അപകടത്തിൽ ഇടതുകാലിന്റെ എല്ല് പൊട്ടുകയും ചെയ്തു. ശമ്പളമില്ലാത്ത അവധിയെടുത്ത് ആറ് മാസത്തോളം അവര്‍ ചികിത്സയില്‍ കഴിഞ്ഞു. കരുവന്‍ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രി, പരിയാരം മെഡി.കോളേജ് എന്നിവിടങ്ങളിലായിരുന്നു ചികിത്സ. ചികിത്സ കഴിഞ്ഞശേഷവും ദീര്‍ഘകാലം അവര്‍ക്ക് ഒട്ടേറെ വിഷമതകള്‍ അനുഭവിക്കേണ്ടിവന്നു. നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ അതിനെതിരെ മുഖംതിരിച്ചു. ഇതേത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ്, ബി.എസ്.എന്‍.എല്‍, പ്രവൃത്തി കരാറെടുത്ത കാസര്‍ക്കോട് സ്വദേശിയായ കരാറുകാരന്‍ എന്നിവരെ പ്രതിചേര്‍ത്ത് അഡ്വ. എ.കെ സന്തോഷ് മുഖേന പയ്യന്നൂര്‍ സബ് കോടതിയില്‍ ഹര്‍ജി നല്‍കി.
കോടതി 1,38,000രൂപ നഷ്ടപരിഹാരം നല്‍കാന്‍ 2014 ജൂണ്‍ 24ന് വിധി പുറപ്പെടുവിച്ചു. അതിനിടയില്‍ കരാറുകാരന്‍ മരിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ച് പൊതുമരാമത്ത് വകുപ്പും ബി.എസ്.എന്‍.എല്ലും തലശേരി ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ജില്ലാ കോടതിയും ഓമനകുമാരിക്ക് അനുകൂലമായി വിധി പുറപ്പെടുവിപ്പിച്ചു. എന്നിട്ടും നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ വിമുഖത കാണിച്ചതോടെയാണ് തളിപ്പറമ്പ് ആര്‍.ഡി.ഒയുടെ വാഹനം ജപ്തി ചെയ്ത് നഷ്ടപരിഹാരം നല്‍കാന്‍ പയ്യന്നൂര്‍ സബ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേത്തുടര്‍ന്നാണ് സ്‌കോര്‍പ്പിയോ ജപ്തി ചെയ്ത് തലശേരി സബ് കോടതിയില്‍ ഹാജരാക്കിയത്. ഓമനകുമാരിക്ക് പലിശയടക്കം നഷ്ടപരിഹാരമായി നല്‍കാനുള്ള രണ്ട് ലക്ഷത്തോളം രൂപ ഈടാക്കാനാണ് വാഹനം ജപ്തി ചെയ്തത്.ബുധനാഴ്ച ഓമനകുമാരിയുടെ നഷ്ടപരിഹാര തുക നല്‍കിയില്ലെങ്കില്‍ ജപ്തി ചെയ്ത വാഹനം ലേലത്തിനു വച്ച് പണം ഈടാക്കാനുള്ള നടപടി കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകും.
70 വയസുള്ള ഓമനകുമാരി ഭര്‍ത്താവ് വാസുവിനൊപ്പം ഇപ്പോള്‍ മുക്കടയിലാണ് താമസം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page