ചെങ്കൽ ക്വാറിയിലെ പൊടിപടലങ്ങളിൽ വീർപ്പുമുട്ടി നാട്ടുകാർ: കുമ്പള ബദ്രിയാ നഗറിൽ ചുമച്ചു വീഴുന്നു; ചൊറിഞ്ഞു മാന്തുന്നു

​കുമ്പള: കുമ്പള പഞ്ചായത്തിലെ ബദ്രിയാ നഗറിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറിയിലെ പൊടിപടലങ്ങൾ തിന്നു നാട്ടുകാർ ചുമച്ചുകൂട്ടുന്നു. വീട്ടിന്റെ മൂലയിലിരുന്നു ചൊറിഞ്ഞു മാന്തുന്നു. എന്തു തെറ്റു ചെയ്തിട്ടാണു തങ്ങളെ ഇങ്ങനെ ശിക്ഷിക്കുന്നതെന്നു ആരോടാണ് ചോദിക്കേണ്ടതെന്നറിയാതെ അവർ സ്വന്തം വിധിയെ പഴിക്കുന്നു. അംഗൻവാടി റോഡ് പരിസരത്ത് പ്രവർത്തിക്കുന്ന അനധികൃത ക്വാറികളിൽ നിന്നുള്ള ചെങ്കൽ പൊടി ശ്വസിച്ച് ഇരുപതോളം കുടുംബങ്ങളാണു മാറാരോഗങ്ങളുടെ പിടിയിലായിലായതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വർഷങ്ങളായി ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന അനധികൃത ചെങ്കൽ ക്വാറികളാണ് നാട്ടുകാർക്കു ഭീഷണിയെന്നു പ്രദേശവാസികൾ പരിതപിക്കുന്നു. പൊടിപടലങ്ങൾ കുട്ടികൾക്കും, വയോധികർക്കുo ഗുരുതര രോഗങ്ങൾ ഉണ്ടാക്കുന്നു.
​വീടുകളും, കിണറുകളും ചെങ്കൽ പൊടിയിൽ മൂടിയിരിക്കുന്നു. രാവിലെ വീടുകളും, വീടുകളിലെ പാത്രങ്ങളും, വീട്ടുപകരണങ്ങളും കഴുകി വൃത്തിയാക്കിയാലും വൈകിട്ട് ആകുമ്പോഴേക്കും പൊടി നിറഞ്ഞ് വൃത്തികേടായി മാറും. ക്വാറിമൂലം ഏറെ ദുരിതാവസ്ഥയിലാ യത് പ്രദേശത്തെ കാൻസർ രോഗികളാണ്. മാരകമായ രോഗാവസ്ഥയിൽ സമാധാനമായി ഒന്ന് കിടന്നുറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് ഇവർക്കുള്ളത്. പിഞ്ചുകുട്ടികളും, വയോധികരും അടക്കമുള്ളവർ ഗുരുതരമായ ആരോഗ്യപ്രതിസന്ധി നേരിടുമ്പോഴും അതികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും പ്രദേശവാസികൾക്കുണ്ട്.

​ജനവാസ മേഖലയിൽ ക്വാറി നടത്തുമ്പോൾ പാലിക്കേണ്ട യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. വീടുകളിൽ നിന്ന് കൃത്യമായ അകലം പാലിച്ച് ക്വാറിക്ക് ചുറ്റും സുരക്ഷാ വലയമൊരുക്കി ബന്ധപ്പെട്ട വകുപ്പുകളുടെ അനുവാദം രേഖാമൂലം വാങ്ങിയതിനു ശേഷം ചെങ്കൽ ക്വാറി പ്രവർത്തിക്കണമെന്ന ചട്ടം നിലവിലുണ്ടെങ്കിലും ഇവിടെ അതൊന്നും ബാധകമല്ലെന്നസ്ഥിതിയാണ് സർക്കാർ ജീവനക്കാരും സർക്കാരും ഉണ്ടാക്കി വച്ചു കൊണ്ടിരിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.പുലർച്ചെ നാലുമണി മുതൽ വൈകിട്ട് 5 മണി വരെയും,ചില ദിവസങ്ങളിലും രാത്രിയും ക്വാറി പ്രവർത്തിക്കുന്നു. കുമ്പള ഗ്രാമപഞ്ചായത്ത്, ജിയോളജി വകുപ്പ്, വില്ലേജ് ഓഫിസ്, തഹസിൽദാർ, ജില്ലാ കളക്ടർ എന്നിവർക്ക് നാട്ടുകാർ പരാതികൾ നൽകിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല.
​ സർക്കാർ ജീവനക്കാരും ക്വാറി ഉടമകളും തമ്മിൽ ആത്മബന്ധമാണ് ഇവിടെയെന്നും സംസാരമുണ്ട്. അതിന്റെ ഉച്ചിഷ്ടം തിന്നാൻ രാഷ്ട്രീയക്കാരുമുണ്ടെന്നും അതുകൊണ്ടാണ് വായയും കാതും പൊത്തിപ്പിടിച്ച് അവർ ഇരിക്കുന്നതെന്നും നാട്ടുകാർക്കു പരാതിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page