മഞ്ചേശ്വരത്ത് ഷാനവാസ് പാദൂരിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഡിവൈഎഫ്‌ഐ; സിപിഎം ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കി

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ മുന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച് ഡിവൈഎഫ്‌ഐ കുമ്പള, ബായാര്‍ വില്ലേജ് കമ്മിറ്റികള്‍ സിപിഎം ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കി. ഞായറാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെആര്‍ ജയാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ കത്ത് നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും പാദൂരിനെ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്ത് അത്യന്തം വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ എകെഎം അഷ്‌റഫ് 745 വോട്ടിനാണ് വിജയിച്ചത്. അന്നത്തെ മുഖ്യ എതിരാളിയായിരുന്ന കെ. സുരേന്ദ്രന്‍ തന്നെയാണ് ഇത്തവണയും ബിജെപി സ്ഥാനാര്‍ത്ഥി. ഷാനവാസ് പാദൂരിനെ ഇടത് മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പ് ഗോദയിലിറക്കിയാല്‍ എകെഎം അഷ്‌റഫിനെയും കെ സുരേന്ദ്രനെയും പിടിച്ചു കെട്ടി മണ്ഡലത്തില്‍ വിജയക്കൊടി നാട്ടാന്‍ കഴിയുമെന്നാണ് ആദ്യം കണക്കുകൂട്ടിയിരുന്നത്. സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ഷാനവാസിനെ പാര്‍ട്ടി അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ മഞ്ചേശ്വരത്തെ യുവാക്കള്‍ കടുത്ത ആവേശത്തിലായിരുന്നു. എന്നാല്‍ പാദൂരിനെ മാറ്റി കെആര്‍ ജയാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കാനുളള തീരുമാനത്തോടെ മഞ്ചേശ്വരത്തെ യുവത്വത്തിന് തികഞ്ഞ പ്രതിഷേധം ഉണ്ടെന്നു വ്യക്തമാക്കുന്നതാണ് ഡിവൈഎഫ്‌ഐ വില്ലേജ് കമ്മിറ്റി സിപിഎം ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയതോടെ പുറത്ത് വന്നത്. എന്നാല്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാക്കാത്ത തീരുമാനം തന്നോട് ആരും പറഞ്ഞിട്ടില്ലെന്ന് ഷാനവാസ് പാദൂര്‍ പറഞ്ഞു. മഞ്ചേശ്വരത്തെ യുവത്വം തന്നില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തില്‍ സന്തോഷമുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page