യുകെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടി; നിര്‍മ്മാതാവ് ജോബി ജോര്‍ജിന് നാല് വര്‍ഷം തടവ്

കൊച്ചി: യുകെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജിനെ കോടതി നാല് വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു. പിഴയായി 66. 5 ലക്ഷം രൂപയും അടയ്ക്കണം. ജോബിയുടെ ഭാര്യ സുനി മോളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. രണ്ടുകേസുകളിലായാണ് കോടതി ജോബിയെ ശിക്ഷിച്ചത്. കൊച്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയാണ് വിധി പ്രസ്താവിച്ചത്. മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികള്‍ എന്നിവരാണ് പരാതിക്കാര്‍.

യുകെ വിസ നല്‍കാമെന്ന വാഗ്ദാനത്തില്‍ 2011ല്‍ രണ്ട് തവണയായി 50 ലക്ഷം രൂപ ജോബി ജോര്‍ജ് രാജേഷ് മാത്യുവില്‍ നിന്ന് കൈപ്പറ്റിയെന്ന് പരാതിയില്‍ പറയുന്നു. വിസ നല്‍കാമെന്ന വാഗ്ദാനം പാലിക്കാതിരുന്നതോടെ 2012ല്‍ പണം തിരിച്ചു നല്‍കുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നല്‍കി. എന്നാല്‍ ഇത് മടങ്ങി. തുടര്‍ന്ന് രാജേഷ് മാത്യു പരാതിയുമായി പൊലീസിനെ സമീപിക്കുകയും കോടതിയിലെത്തുകയുമായിരുന്നു.

രാജേഷ് മാത്യുവിനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി പ്രവര്‍ത്തിച്ചതെന്ന
നിരീക്ഷണത്തോടെയാണ് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 50 ലക്ഷം രൂപയാണ് ഈ കേസില്‍ പിഴ അടയ്ക്കേണ്ടത്.

മുളന്തുരുത്തി സ്വദേശികളായ ബിജു വര്‍ഗീസ്, ഭാര്യ ഡാര്‍ലി ബിജു എന്നിവര്‍ക്ക് യുകെയില്‍ ബിസിനസ് പങ്കാളിത്തവും, സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് ജോബിക്കെതിരായ മറ്റൊരു പരാതി. ലണ്ടനിലെ ന്യൂകാസിലില്‍ ഒരു ‘ഓഫ്ലൈസന്‍സ്’ ഷോപ്പില്‍ പങ്കാളിത്തം നല്‍കാമെന്നും, ഡാര്‍ലിക്ക് ലണ്ടനിലെ എല്‍ബിഎ കോളേജില്‍ ബിസിനസ് ഇന്‍ഫര്‍മേഷന്‍ ഡിപ്ലോമയ്ക്ക് അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.

യുകെയില്‍ എത്തിയശേഷമാണ് ദമ്പതികള്‍ തട്ടിപ്പ് തിരിച്ചറിയുന്നത്. തുടര്‍ന്ന് പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന് ദമ്പതികള്‍ പൊലീസിന് മൊഴി നല്‍കി. ഈ കേസിലാണ് ജോബിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷയും 16.52 ലക്ഷം പിഴയും വിധിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കലുങ്കിനടിയില്‍ തള്ളിയ കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു, പിടിയിലായത് പെരിയ , ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിലെ പ്രതി

You cannot copy content of this page