പയ്യന്നൂര്‍: വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധത്തിലാണെന്നു പറയുന്നു, ഭാര്യയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊല്ലാന്‍ ശ്രമം. അക്രമം തടയുന്നതിനിടയില്‍ ഭാര്യാ മാതാവിനും പൊള്ളലേറ്റു. കരിവെള്ളൂര്‍ കൂക്കാനം, മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ പി പ്രജുഷ (37), മാതാവ് പത്മിനി (56)എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രജുഷയുടെ നില അതീവ ഗുരുതരമാണ്. അക്രമത്തിനിടയില്‍ പൊള്ളലേറ്റ പ്രജുഷയുടെ ഭര്‍ത്താവ് കണ്ണൂര്‍, സാമിമുക്ക് സ്വദേശി സനലിനെ പൊലീസ് കാവലില്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ (ഞായര്‍) രാത്രി 10 മണിയോടെയാണ് സംഭവം. പി. പ്രജുഷയും ഭര്‍ത്താവ് സനലും അകന്നു കഴിയുകയായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് സ്വന്തം വീട്ടിലേയ്ക്കു മടങ്ങിയ യുവതി അടുത്തിടെ വിവാഹ മോചനത്തിനു കേസ് കൊടുത്തിരുന്നു. ഈ വിരോധത്തില്‍ ഇന്നലെ രാത്രി കൂക്കാനത്ത് എത്തിയ സനല്‍ ഭാര്യാ വീട്ടില്‍ അതിക്രമിച്ചു കയറി കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ പ്രജുഷയുടെ ദേഹത്ത് ഒഴിക്കുകയും തീവെയ്ക്കുകയുമായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമത്തിനിടയിലാണ് മാതാവ് പത്മിനിക്ക് പൊള്ളലേറ്റത്.
ബഹളം കേട്ട് അയല്‍ വാസികള്‍ ഓടിയെത്തി സനലിനെ തടഞ്ഞു വച്ച് പയ്യന്നൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.







