കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് 10 വയസ്സ്; ഇന്നും ഹൃദയത്തില്‍ കൊണ്ടുനടന്ന് ആരാധകര്‍

ചാലക്കുടി: കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് പത്ത് വയസ്സ്. ജനങ്ങള്‍ അത്രമേല്‍ ഹൃദയങ്ങളില്‍ കൊണ്ടുനടന്ന കലാകാരനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ ആ ചിരി ഇന്നും ആരാധകര്‍ മറന്നിട്ടില്ല. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി ഈ ലോകം വിട്ടുപോയത്. 45ാം വയസ്സില്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചാണ് മണി മരിച്ചത്. ചാലക്കുടിയിലെ ഔട്ട് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മരണത്തില്‍ ദുരൂഹതയാരോപിച്ച് അന്വേഷണങ്ങള്‍ നടന്നെങ്കിലും കരള്‍ രോഗമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കുകയുണ്ടായി. മലയാള സിനിമയില്‍ ഹാസ്യ വേഷങ്ങളിലൂടെയും, പിന്നീട് മികച്ച സ്വഭാവ നടനായും നായകനായും തിളങ്ങിയ അദ്ദേഹം, നാടന്‍ പാട്ടുകളിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടിയിരുന്നു. ഒരു ചെറു ചിരിയുമായി നാടന്‍ പാട്ടുകളിലൂടെ കേരള കരയുടെ ഹൃദയം കീഴടക്കിയ കലാകാരനായിരുന്നു മണി.

ഓട്ടോ ഡ്രൈവറായും മിമിക്രി കലാകാരനായും തിളങ്ങിയ മണി സിനിമയില്‍ എത്തിയശേഷവും എളിയ ജീവിതമായിരുന്നു നയിച്ചത്. കുടുംബ ബന്ധങ്ങള്‍ക്കും സുഹൃത് ബന്ധങ്ങള്‍ക്കും അദ്ദേഹം വളരെ പ്രാധാന്യം നല്‍കിയിരുന്നു. പാവങ്ങളെ സഹായിക്കാനും അദ്ദേഹം മറന്നില്ല.

മണി മരിച്ചശേഷം ചാലക്കുടിയില്‍ അദ്ദേഹത്തിന്റെ പേരില്‍ സ്മാരകം നിര്‍മിക്കുമെന്ന് അറിയിച്ചിരുന്നു. മരിച്ചിട്ട് പത്തുവര്‍ഷം ആയിട്ടും ചാലക്കുടിയില്‍ സ്മാരകം പണി തുടങ്ങിയിട്ടില്ല. പത്തുമാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചത്.

2017ല്‍ സംസ്ഥാന ബജറ്റില്‍ 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചാലക്കുടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പഴയ കളിക്കളത്തില്‍ സ്മാരകം നിര്‍മ്മിക്കാന്‍ തീരുമാനമായി. ഫണ്ട് മൂന്നുകോടിയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page