പാവങ്ങളെ സഹായിക്കാനിറങ്ങിയ എം പി പുലിവാലില്‍ പിടിച്ച പോലെ

കുമ്പള: എം പി ഫണ്ടിലെ പണം കൊണ്ടു കുമ്പള പഞ്ചായത്തിലെ മൊഗ്രാല്‍ യൂനാനി ആശുപത്രിക്കനുവദിച്ച ആംബുലന്‍സ് വാനിന്റെ ഉദ്ഘാടന ചടങ്ങിനു വാട്‌സാപ്പില്‍ പ്രചരിപ്പിച്ച പരസ്യത്തില്‍ എം പി പ്രകടിപ്പിച്ച പ്രതിഷേധം കോണ്‍ഗ്രസിനും എം പി ക്കുമെതിരെയുള്ള ഭിന്നതയില്‍ കലാശിച്ചു. പരിപാടിയില്‍ നിന്നു എം എല്‍ എ അഷ്‌റഫും മുസ്ലീംലീഗ് പ്രതിനിധികളായ പഞ്ചായത്ത്- ബ്ലോക്ക് -ജില്ലാ പഞ്ചായത്ത് പ്രതിനിധികളും വിട്ടു നിന്നു. കോണ്‍ഗ്രസ് അംഗമായ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു.
വാട്‌സാപ്പ് പരസ്യത്തില്‍ എം പി ഫണ്ടില്‍ നിന്നു വാങ്ങിയ ആംബുലന്‍സ്സെന്ന സൂചനപോലും ഉണ്ടായിരുന്നില്ലെന്നു പറയുന്നു. അതേസമയം മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും എം എല്‍ എയുടെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും ഫോട്ടോകള്‍ ചേര്‍ത്തിരുന്നു. പ്രസ്തുത പരസ്യകാര്‍ഡും ബാനറുകള്‍ ഇറക്കിയിട്ടുണ്ടെങ്കില്‍ അവയും ഉടന്‍ മാറ്റണമെന്നും തന്റെ മാത്രം ഫോട്ടോ വച്ചു ബാനര്‍ അടിച്ചാല്‍ മതിയെന്നും ഇത് കണ്ട എം പി നിര്‍ദ്ദേശിച്ചിരുന്നതായി സംഘാടകര്‍ പറയുന്നു. എം പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നു പറയുന്നു, പരിപാടിക്ക് ബാനര്‍ ഇറക്കിയില്ലെന്നു ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. മാത്രമല്ല, പരിപാടിയില്‍ നിന്നു വാട്‌സാപ്പ് പരസ്യത്തില്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചവരും വിട്ടു നിന്നു. എം എല്‍ എയും പങ്കെടുത്തില്ല. അതേസമയം കോണ്‍ഗ്രസ്സുകാരിയായ വൈസ് പ്രസിഡന്റ് ബല്‍ക്കീസ് പങ്കെടുത്തു. കൃത്യസമയത്ത് എം പി എത്തി ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു.
ഉദ്ഘാടനച്ചടങ്ങിനു ശേഷം ആംബുലന്‍സ് ഡ്രൈവറെ താന്‍ നിയമിച്ചുകൊള്ളാമെന്നും മറ്റാരും അതിനു വിഷമിക്കേണ്ടെന്നും എം പി പറഞ്ഞുവെന്നു പറയുന്നു. ഇക്കാര്യം അറിഞ്ഞ എം എല്‍ എ അതില്‍ കുഴപ്പമൊന്നുമില്ലെന്നു പ്രതികരിച്ചു. ഡ്രൈവറുടെ ശമ്പളവും ഡീസലും കൂടി എം പി കൈകാര്യം ചെയ്താല്‍ മതിയെന്നും ഓര്‍മ്മിപ്പിച്ചു.
നാടിന് ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികളില്‍ എം പി അസംതൃപ്തി പ്രകടിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page