അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ മെഹന്തി, സംഗീത് ചടങ്ങുകളുടെ ദൃശ്യങ്ങള്‍ വൈറല്‍; വിവാഹം നാളെ

മുംബൈ: ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ വിവാഹാഘോഷങ്ങളുടെ ദൃശ്യങ്ങള്‍ വൈറല്‍. അര്‍ജുനും പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്കുമായുള്ള വിവാഹം വ്യാഴാഴ്ച ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. സാനിയയുടെ കുടുംബത്തിന് പങ്കാളിത്തമുള്ള ഹോട്ടലാണ് ഇത്.

വിവാഹത്തിന് മുന്നോടിയായി മുംബൈയിലെ റോയല്‍ വെസ്റ്റേണ്‍ ഇന്ത്യ ടര്‍ഫ് ക്ലബ്ബില്‍ ചൊവ്വാഴ്ച നടന്ന മെഹന്തി, സംഗീത് ചടങ്ങിന്റെ ദൃശ്യങ്ങളാണ് വൈറലായത്. ഐവറി തീമിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രതിശ്രുത ദമ്പതികള്‍ ചടങ്ങുകളില്‍ പങ്കെടുത്തത്. ഇവര്‍ക്കൊപ്പം സച്ചിന്‍ തെന്‍ഡുല്‍ക്കറും ഭാര്യ അഞ്ജലിയും മകള്‍ സാറയും തിളങ്ങി. മനോഹരമായ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് ഇവര്‍ ചടങ്ങനെത്തിയത്.

ഇരു കുടുംബങ്ങളുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, രവി ശാസ്ത്രി, അജിത് അഗാര്‍ക്കര്‍, വ്യവസായി മുകേഷ് അംബാനി, നിത അംബാനി, എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെയും കുടുംബവും ആഘോഷങ്ങളില്‍ പങ്കെടുത്തു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലായിരുന്നു അര്‍ജുനും സാനിയയും തമ്മിലുള്ള വിവാഹ നിശ്ചയം. ഫെബ്രുവരി അവസാന വാരം അംബാനി കുടുംബത്തിന്റെ ആതിഥേയത്വത്തില്‍ ഗുജറാത്തിലെ ജാംനഗറിലെ റിലയന്‍സ് എസ്റ്റേറ്റില്‍ വച്ച് പ്രീ-വെഡിങ് പൂജയും മറ്റ് ചടങ്ങുകളും നടന്നിരുന്നു.

വിവാഹച്ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. വിരാട് കോലി, ശുഭ്മാന്‍ ഗില്‍, എം.എസ്. ധോണി, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് തുടങ്ങിയവരെ സച്ചിനും കുടുംബവും ക്ഷണിച്ചിട്ടുണ്ട്.

മുംബൈ ആസ്ഥാനമായി മൃഗപരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ പോസ് പെറ്റ് സ്പാ ആന്‍ഡ് സ്റ്റോര്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്‌നര്‍ഷിപ്പിന്റെ സ്ഥാപക ഡയറക്ടറാണ് സാനിയ. പ്രശസ്ത ബിസിനസ് കുടുംബത്തിലെ അംഗവും ബിസിനസ് രംഗത്ത് സജീവവുമാണെങ്കിലും, സാനിയ പൊതുവേദികളില്‍ അത്ര സുപരിചിതയല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page