സൈനിക സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ തെക്കന്‍ ഇറാനില്‍ ഭൂകമ്പം

തെഹ്റാന്‍: സൈനിക സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ തെക്കന്‍ ഇറാനില്‍ നേരിയ ഭൂകമ്പം. ചൊവ്വാഴ്ച 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഇസ്ലാമിക് റിപ്പബ്ലിക്കിലുടനീളം സുരക്ഷാ ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഭൂകമ്പം ഉണ്ടാകുന്നത്. 10 കിലോമീറ്റര്‍ ആഴത്തിലുണ്ടായ ഭൂകമ്പത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങള്‍ മേഖലയില്‍ ശക്തമാണ്. ഭൂകമ്പവും നിലവിലുള്ള സൈനിക സംഭവവികാസങ്ങളും തമ്മില്‍ ബന്ധമുള്ളതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം തെഹ്‌റാനില്‍ നിന്ന് 800 കിലോമീറ്റര്‍ തെക്കുകിഴക്കായി കെര്‍മന്‍ വ്യോമതാവളത്തില്‍ നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 13 ഇറാനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക ഹെലികോപ്റ്ററുകള്‍ സ്ഥിതി ചെയ്യുന്ന താവളമാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സമീപ ദിവസങ്ങളില്‍ ബഹ്റൈനിലെ അമേരിക്കന്‍ താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളില്‍ നൂറുകണക്കിന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഐആര്‍ജിസി വക്താവ് പറഞ്ഞു.
ഇറാനിയന്‍ മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ബഹ്റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്ത് നിരവധി തവണ മിസൈലുകളും ഡ്രോണുകളും ആക്രമണം നടത്തി. ഒരു യുഎസ് യുദ്ധ സഹായ കപ്പലിന് കനത്ത നാശനഷ്ടമുണ്ടായതായും നാല് ക്രൂയിസ് മിസൈലുകള്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലേക്ക് വിക്ഷേപിച്ചതായും വക്താവ് ആരോപിച്ചു.

യുഎസ് ഉദ്യോഗസ്ഥര്‍ ആ വാദങ്ങളെ ശക്തമായി നിരാകരിച്ചു. ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ വിമാനവാഹിനിക്കപ്പലിന്റെ അടുത്തെത്തിയില്ലെന്ന് പറഞ്ഞ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാനിയന്‍ പ്രസ്താവനകളെ തള്ളിക്കളഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page